വൻകിട ക്രഷർ മാഫിയകളെ സഹായിക്കാൻ രീതികൾ മാറ്റി, പ്ലാറ്റ്ഫോം അളവിനെ വെട്ടി തൂക്കത്തിനു വില! എരുമേലിയിൽ പ്രാദേശിക ടോറസ് ഡ്രൈവർമാർ വാഹനങ്ങൾ തടഞ്ഞു, പാറമട


എരുമേലി: വൻകിട ക്രഷർ മാഫിയകളെ സഹായിക്കാൻ പ്ലാറ്റ്ഫോം അളവിനെ വെട്ടി തൂക്കത്തിനു വില നിശ്ചയിച്ച എരുമേലി ചെമ്പകപ്പാറ പാറമടയിൽ പ്രാദേശിക ടോറസ് ഡ്രൈവർമാർ വാഹനങ്ങൾ തടയുകയും പാറമട ഉപരോധിക്കുകയും ചെയ്തു. 

കോട്ടയം എരുമേലിയിൽ ചെമ്പകപ്പാറ പാറമടയിൽ ശനിയാഴ്ച രാവിലെ ആയിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. 8 മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന പാറമട ഏതാനും ദിവസങ്ങൾക്കു മുൻപാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. മറ്റെല്ലാ പാറമടകളിലും പ്ലാറ്റ്ഫോം അളവ് കണക്കാക്കി കരിങ്കല്ലിനും മറ്റു ഉത്പ്പന്നങ്ങൾക്കും നിരക്ക് ഈടാക്കുമ്പോൾ എരുമേലി ചെമ്പകപ്പാറയിലെ പാറമടയിൽ തൂക്കത്തിനാണ് നിരക്ക് ഈടാക്കുന്നത്. 

ഇത് തുടക്കത്തിലേ തന്നെ എതിർപ്പുകൾക്ക് കാരണമായിരുന്നു. ഇതുസംബന്ധിച്ചു മുൻപും പ്രാദേശിക ടോറസ് ഡ്രൈവർമാരും വാഹന ഉടമകളും രംഗത്ത് എത്തുകയും ഇക്കാര്യത്തിൽ ചർച്ച നടക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും പഴയപടി തുടർന്നത്തോടെയാണ് പ്രാദേശിക ടോറസ് ഡ്രൈവർമാർ ശനിയാഴ്ച പാറമടയിൽ നിന്നും ലോഡുമായി വന്ന ടോറസ് ലോറികൾ തടയുകയും പാറമട ഉപരോധിക്കുകയും ചെയ്തത്. പ്ലാറ്റ്ഫോം നിരക്കിലാണ് മറ്റെല്ലാ പാറമടകളിലും കരിങ്കല്ലും മറ്റു പാറ ഉൽപ്പന്നങ്ങളും വിൽക്കുന്നത്. 

പ്ലാറ്റ്ഫോം അളവ് നിരക്കിൽ നിന്നും കരിങ്കല്ലും മറ്റു ഉത്പ്പന്നങ്ങളും തൂക്കി നൽകുമ്പോൾ നിരക്കിൽ വലിയ വ്യത്യാസമാണ് ഉണ്ടാകുന്നതെന്നും ടിപ്പർ ലോറി ഓണേഴ്സ് അസോസിയേഷൻ പറയുന്നു. പുതിയ രീതിയിൽ ആയിരത്തിലധികം രൂപയാണ് ഒരു ലോഡിന് അധികമായി നൽകേണ്ടി വരുന്നത്. വൻകിട ക്രഷർ മാഫിയകളെ സഹായിക്കാനും പാറമട അധികൃതരോട് ചേർന്ന് നിൽക്കുന്നവർക്കും യഥേഷ്ടം കരിങ്കല്ലും പാറ ഉത്പന്നങ്ങളും നൽകുകയും ലോഡ് എടുക്കാൻ എത്തുന്ന പ്രാദേശിക ടോറസ് ഉടമകളോടും തൊഴിലാളികളോടും നിഷേധ സമീപനമാണ് പാറമട അധികൃതർ സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.

 പ്രാദേശിക ടോറസ് ലോറികൾക്ക് നിരക്ക് കുറയ്ക്കുകയും മറ്റു മേഖലകളിലെ ടോറസ് ലോറികൾക്ക് നിരക്ക് ഉയർത്തിയും പാറ വിൽപ്പന നടത്തിയതോടെ സ്ഥലം എംഎൽഎ ക്ക് മുൻപിൽ ടിപ്പർ ലോറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളും ഡ്രൈവർമാരും പരാതിയുമായി എത്തിയിരുന്നു. എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ എരുമേലിയിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. 

കരിങ്കല്ല് തൂക്കി നൽകുന്നത് വീണ്ടും തുടർന്നതോടെയാണ് ശനിയാഴ്ച്ച ടോറസ് ലോറികൾ തടയുകയും പാറമട ഉപരോധിക്കുകയും ചെയ്തത്. വൻകിട ക്രഷർ മാഫിയകളെ സഹായിക്കാൻ ടോറസ് ലോറിയിൽ അനുവദനീയമായ അളവിൽ കൂടുതൽ ലോഡ് കയറ്റിയാണ് ഇവിടെ നിന്നും ടോറസ് ലോറികൾ നിരത്തിലേക്ക് ഇറങ്ങുന്നത്. നിയമലംഘനത്തിനൊപ്പം അപകടം വിളിച്ചു വരുത്തുകയാണ് ഈ പ്രവൃത്തി ചെയ്യുന്നതെന്നും മറ്റു ഡ്രൈവർമാർ ആരോപിക്കുന്നു. 

ഇത്തരത്തിൽ അമിത ഭാരം കയറ്റി പോകുന്നത് കഴിഞ്ഞ ദിവസം മറ്റുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും വീണ്ടും ഇത് തുടരുന്നതിനാലാണ് ശനിയാഴ്ച ടോറസ് വാഹനങ്ങൾ പാറമടയിൽ തടഞ്ഞത്. പാറമടയിൽ നിന്നും ലോഡ് കയറ്റി പുറത്തേക്ക് പോകുന്ന ടോറസ് വാഹനങ്ങൾ മോട്ടോർ വാഹന അധികൃതർ തൂക്കി നോക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.