ഈരാറ്റുപേട്ട: ആക്രി കച്ചവടത്തിനിടെ പഴയ ചാക്കിനിടയിൽ നിന്നും കിട്ടിയത് രണ്ട് കമ്മലുകളടങ്ങിയ സ്വര്‍ണ്ണഡപ്പി. സ്വർണ്ണത്തിന്റെ തിളക്കത്തിൽ സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈരാറ്റുപേട്ട സ്വദേശി കുറുമുളംതടത്തില്‍ വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മനസ്സ് മാറിയില്ല.
ലഭിച്ച സ്വർണ്ണം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം അംഗമായ അബ്ദുല്‍ ഖാദര്‍ കഴിഞ്ഞ ദിവസം ആക്രി കച്ചവടത്തിന് പോയപ്പോള്‍ വിവിധ വീടുകളില്‍ നിന്നായി പഴയ സാധനങ്ങള്‍ വാങ്ങിയിരുന്നു. വിവിധ വീടുകളിൽ നിന്നായി ശേഖരിച്ച ആക്രി സാധനങ്ങൾ മറിച്ച് വില്‍ക്കാനായി കടയില്‍ എത്തി ചാക്ക് കുടഞ്ഞിട്ടപ്പോള്‍ ചെറിയ ഒരു സ്വര്‍ണ്ണഡപ്പി കാണുകയും അത് തുറന്ന് നോക്കിയപ്പോള്‍ രണ്ട് കമ്മലുകള്‍ ലഭിക്കുകയുമായിരുന്നു.
തനിക്ക് ലഭിച്ച കമ്മലുകൾ സ്വര്‍ണ്ണമാണോ എന്ന് അറിയാന്‍ സ്വര്‍ണ്ണക്കടയില്‍ പോയി പരിശോധിച്ചു ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇത് ഏത് വീട്ടില്‍ നിന്നാണ് കിട്ടിയത് എന്ന് അറിയാത്തതുകൊണ്ട് സ്വർണ്ണ കമ്മലുകൾ അബ്ദുല്‍ ഖാദര്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രളയ സമയത്തും നിരവധി സേവനങ്ങളാണ് അദ്ദേഹം നാടിനു വേണ്ടി നടത്തിയത്.
അപകടങ്ങളിലും മറ്റ് മരണങ്ങളിലും പോസ്റ്റുമോര്‍ട്ടം തുടങ്ങിയ ആശുപത്രിയുമായുള്ള സേവന രംഗത്തും മയ്യിത്ത് പരിപാലനത്തിലും സജീവമാണ് അബ്‌ദുൾ ഖാദര്‍. നിരവധി അപകടങ്ങളിലും മുങ്ങി മരണങ്ങളിലും സഹായഹസ്തവുമായി മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുള്ള വ്യക്തിയാണ് അബ്‌ദുൾ ഖാദര്‍.
