കോട്ടയം: ലഹരിക്കെതിരേ പാട്ടും നൃത്തവും ഫ്‌ളാഷ്‌മോബും മൈമും കലാ-സാഹിത്യപരിപാടികളുമായി തെരുവ് പ്രചാരണ വേദിയാകുന്നു. സംസ്ഥാന സർക്കാർ ലഹരിക്കെതിരേ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടമാണ് നവംബർ ഒന്നിന് കോട്ടയം ശാസ്ത്രിറോഡിൽ 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കുന്നത്.
മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂളുകൾ, പ്രഫഷണൽ കോളജുകൾ, കോളജുകൾ, ഐ.റ്റി.ഐ.കൾ, റ്റി.റ്റി.ഐ.കൾ, കലാ-സാംസ്‌കാരിക സംഘടനകൾ, എക്‌സൈസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, കലാകാരന്മാർ, കുടുംബശ്രീ, എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, കോട്ടയം നഗരസഭ, എം.ജി. സർവകലാശാല യൂണിയൻ, ജീവനക്കാരുടെ സംഘടനകൾ, കലാസംഘടനകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളാകും.
ഓക്‌സിജനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., എം.എൽ.എ.മാർ, ജനപ്രതിനിധികൾ, ചലച്ചിത്രതാരങ്ങൾ, കലാരംഗത്തെ പ്രമുഖർ എന്നിവർ 'ലഹരിയില്ലാ തെരുവിൽ' പങ്കാളികളാകും. ഗതാഗത തടസമില്ലാതെ ശാസ്ത്രി റോഡിന്റെ ഒരു വശത്തായി ഒരു കിലോമീറ്റർ നീളത്തിലാണ് 'ലഹരിയില്ലാ തെരുവ്' ഒരുങ്ങുക.
ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രണ്ടു മണിക്കൂറിലധികം തുടർച്ചയായി വ്യത്യസ്തമാർന്ന കലാപരിപാടികൾ തെരുവിൽ അരങ്ങേറും. ഒരേ സമയം വിവിധ പരിപാടികൾ അരങ്ങേറുമെന്ന പ്രത്യേകതയുമുണ്ട്. ലഹരിവിരുദ്ധ സന്ദേശമുയർത്തുന്ന ഗ്രൂപ്പിനം കലാപരിപാടികളുമായി ആർക്കും രജിസ്റ്റർ ചെയ്ത് പരിപാടിയിൽ അണിചേരാം. ഹയർസെക്കൻഡറി, പ്രൊഫഷണൽ കോളജുകൾ, കോളജുകൾക്കായി ലഹരിവിരുദ്ധ മൈം മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
വിശദവിവരത്തിനും മൈം മത്സര രജിസ്‌ട്രേഷനും ഫോൺ: 9496825262 (ഈ നമ്പരിൽ വാട്‌സാപ്പിലും വിവരങ്ങൾ അയയ്ക്കാം). പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, എം.ജി. സർവകലാശാല പി.ആർ.ഒ. ജസ്റ്റിൻ ജോസഫ്, ഡിവൈ.എസ്.പി. കെ.ജി. അനീഷ്, എം.ജി. സർവകലാശാല ഡി.എസ്.എസ്. ഡയറക്ടർ എബ്രഹാം കെ. സാമുവൽ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഡി.ഇ.ഒ. എച്ച്. സറീനബായ്, ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, ഓക്‌സിജൻ പ്രതിനിധികളായ ജോമി ജോസഫ്, കെ. അമൽദേവ്, വിമുക്തി മാനേജർ സോജൻ സെബാസ്റ്റിയൻ, വിമുക്തി കോ-ഓർഡിനേറ്റർ വിനു വിജയൻ, ഹയർസെക്കൻഡറി എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ആർ. രാഹുൽ, ഗൈഡ്‌സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ റോയി പി. ജോർജ്, എൻ.സി.സി. ബറ്റാലിയൻ പ്രതിനിധി കെ.കെ. സുധീഷ്, നർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ഡി. ജയകുമാർ, എം.ആർ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗവും ചേർന്നു.
