കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് മൂലകുന്ന് സെന്റർ ഒമ്പതാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക്പഞ്ചായത്ത് എട്ടു ലക്ഷം രൂപയും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറു ലക്ഷം രൂപയും ചെലവഴിച്ചാണ് 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമിച്ചത്.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീന കൃഷ്ണകുമാർ, ശ്രീലത, പൊതുപ്രവർത്തകരായ വി.ഡി. റജികുമാർ, ഗൗതം ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. അങ്കണവാടിക്കായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകിയ കെ.ആർ. രാധാകൃഷ്ണനെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പതിനഞ്ച് കുട്ടികളുള്ള അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുo.
