കോട്ടയം: ലൈഫ് 2020 കോട്ടയം ജില്ലയിൽ രണ്ടാംഘട്ട അപ്പീൽ പൂർത്തിയായി. കരട് ഗുണഭോക്തൃപട്ടിക ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. പട്ടികയ്ക്ക് ഓഗസ്റ്റ് അഞ്ചിനകം ഗ്രാമസഭ/വാർഡ് സഭ അംഗീകാരം നൽകും. ഗ്രാമസഭ/വാർഡ് സഭ അംഗീകരിച്ച ഗുണഭോക്തൃ പട്ടികകൾക്ക് ഓഗസ്റ്റ് 10നകം തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതി അംഗീകാരം നൽകും. അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.
അർഹത പട്ടികയിൽ 28,708 പേർ.
2016 ലെ ലൈഫ് പട്ടികയിൽ ഇടം നേടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്കായി 2020 ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തിലും 2021 ഫെബ്രുവരി 15 മുതൽ 20 വരെയും ലൈഫ് 2020 പോർട്ടലിലൂടെ അപേക്ഷ സ്വീകരിച്ചിരുന്നു. ജില്ലയിൽ ലഭിച്ച 44,436 അപേക്ഷകളുടെ പ്രാഥമിക പരിശോധന ഫെബ്രുവരിയിൽ പൂർത്തീകരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ 40 ശതമാനത്തിനു മുകളിൽ അർഹരായി കണ്ടെത്തിയ വാർഡുകളിലെ 28,557 അപേക്ഷകളിന്മേൽ പുനഃപരിശോധന ഏപ്രിലിൽ പൂർത്തീകരിച്ചു. തുടർന്ന് അർഹരായ 27485 പേരുടെ കരട് പട്ടിക ജൂൺ 10ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ ഉൾപ്പെടാതെ പോയ അപേക്ഷകർ ജൂൺ 17 വരെ ലൈഫ് മാനദണ്ഡപ്രകാരം അർഹത തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം സമർപ്പിച്ച ഒന്നാംഘട്ട അപ്പീലിൽ 3267 അപേക്ഷകളാണ് ലഭിച്ചത്. ബ്ലോക്ക്തലത്തിലും നഗരസഭാതലത്തിലുമുള്ള പരിശോധനയ്ക്കു ശേഷം 1107 കുടുംബങ്ങളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തി 28,592 പേരുടെ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അപ്പീൽ സമർപ്പിച്ചിട്ടും പട്ടികയിൽ ഇടം നേടാനാവാതെ പോയ 582 അപേക്ഷകർ രണ്ടാംഘട്ടത്തിൽ ജൂലൈ എട്ടു വരെ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയതിൽ ജില്ലാതലത്തിലുള്ള പരിശോധനയ്ക്കുശേഷം 116 കുടുംബങ്ങളെക്കൂടി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ ഭവനരഹിതരായി 17217 പേരും ഭൂരഹിത-ഭവനരഹിതരായി 11491 പേരും ഉൾപ്പടെ 28,708 പേരെയാണ് ജില്ലയിൽ ലൈഫ് മാനദണ്ഡപ്രകാരം അർഹരായതായി കണ്ടെത്തിയിട്ടുള്ളതെന്ന് ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററായ പ്രോജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ പറഞ്ഞു. ഈ പട്ടികയിൽ ഏതെങ്കിലും വിധത്തിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമസഭ/വാർഡ് സഭയ്ക്കു ബോധ്യപ്പെട്ടാൽ ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഗ്രാമസഭ/വാർഡ് സഭയ്ക്ക് അധികാരമുണ്ട്. അനർഹരായവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തി വാസയോഗ്യമല്ലാത്ത/ ജീർണാവസ്ഥയിലുള്ള ഭവനമാണെങ്കിലും ലൈഫ് മാനദണ്ഡപ്രകാരം അർഹരല്ലായെന്നു കണ്ടെത്തിയ അഞ്ചു കുടുംബങ്ങളെ ജില്ലാതല അപ്പീൽകമ്മറ്റി തീരുമാനപ്രകാരം പട്ടികയിൽ നിന്ന് ഒഴിവാക്കി.
