ഫയൽ തീർപ്പാക്കൽ തീവ്രയജ്‌ഞം: കോട്ടയം ജില്ലയിൽ 10631 ഫയലുകൾ തീർപ്പാക്കി.


കോട്ടയം: വില്ലേജ് ഓഫീസ് തലംവരെയുള്ള വിവിധ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ 10,631 ഫയലുകൾ തീർപ്പാക്കി.

റവന്യൂ വകുപ്പിൽ 4513 ഫയലുകളും മറ്റു വിവിധ വകുപ്പുകളിലായി 6118 ഫയലുകളുമാണ് തീർപ്പാക്കിയതെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്കാണിത്. ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ അവധിദിനമായ ഞായറാഴ്ചയും ഓഫീസുകൾ പ്രവർത്തിച്ചിരുന്നു. കോവിഡ് കാലത്ത് ഫയലുകൾ തീർപ്പാക്കാൻ ഉണ്ടായ കാലതാമസം മൂലം ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കിയതിനെത്തുടർന്നാണ് തീവ്രയജ്ഞം നടത്തുന്നത്. ജില്ലയിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഫയൽ തീർപ്പാക്കൽ പുരോഗതി എല്ലാ മാസവും വിലയിരുത്തും. വിവിധ വകുപ്പുകൾ പുരോഗതി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ തീർപ്പാക്കിയ ഫയലുകളുടെ പുരോഗതി ഒക്ടോബർ 10നകം അതത് വകുപ്പുകൾ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ സമാഹൃത വിശദാംശങ്ങൾ ഒക്ടോബർ 15നകം ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് പ്രസിദ്ധീകരിക്കും.