എറണാകുളം ജില്ലാ കലക്ടറായി കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രേണുരാജിനെ നിയമിച്ചു.


കോട്ടയം: എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ കലക്ടറായി ഡോ.രേണുരാജിനെ നിയമിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. ചങ്ങനാശ്ശേരി മലകുന്നം സ്വദേശി ശ്രീശൈലത്തിൽ എം കെ രാജകുമാരൻ നായരുടെയും വി എൻ ലതയുടെയും മകളായ രേണുരാജ് 2014-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്കുകാരിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ദേവികുളം,തൃശൂർ എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയകാലത്തും കോട്ടയം ജില്ലയിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി സർക്കാർ രേണുരാജിനെ നിയമിച്ചിരുന്നു.