കാസർഗോഡ് വിജയ ചരിത്രമെഴുതി,ഒപ്പം കോട്ടയം ജില്ലയുടെയും ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായ ശില്പ ദ്യാവയ്യ പടിയിറങ്ങുന്നു, മാറ്റം വനിതാ സെല്ലിലേക്ക്.


കോട്ടയം: അപൂർവ്വതകൾക്ക് സാക്ഷ്യം വഹിച്ച കോട്ടയത്തിന്റെ വനിതാ ഭരണ സാരഥ്യത്തിൽ നിന്നും ജില്ലാ പോലീസ് മേധാവി ശില്പ ദ്യാവയ്യ പടിയിറങ്ങുന്നു. കാസർഗോഡ് വിജയ ചരിത്രമെഴുതി ജില്ലാ പോലീസ് മേധാവിയായി കോട്ടയത്തെത്തുമ്പോൾ കാസർഗോഡ് ജില്ലയുടെയും കോട്ടയം ജില്ലയുടെയും ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായി ചരിത്രത്തിൽ ഇടം നേടുകയായിരുന്നു ശില്പ ദ്യാവയ്യ. കഴിഞ്ഞ ദിവസം പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിയിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി.ശിൽപയെ വനിതാ സെൽ എസ്പിയായി നിയമിച്ചത്. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. ചരിത്രമുറങ്ങുന്ന അക്ഷര നഗരിയിലെ സേവനം മറക്കാനാകാത്തതാണെന്ന് ഡി. ശില്പ പറഞ്ഞു. പോലീസ് വിഭാഗത്തെ മാത്രമല്ല മറ്റു വിവിധ വിഭാഗങ്ങളെയും ഒരുമിച്ചു ചേർത്തുള്ള കൂട്ടായ പ്രവർത്തനമായിരുന്നു ജില്ലാ പോലീസ് മേധാവിയുടേത്. കോട്ടയത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളിൽ ഏറിയ പങ്കും വനിതകളായിരുന്നു. തെരഞ്ഞെടുപ്പും കോവിഡ് പ്രതിരോധവും ക്രമസമാധാന പാലനവും വീഴ്ചയില്ലാതെ നടപ്പിലാക്കി. ഗുണ്ടാ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തടയിടുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായ കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താനായ സംഭവം ഓർമകളിൽ എന്നുമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ജി ജയദേവിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ് കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി.ശില്പ കോട്ടയം ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. മ​​ല​​യാ​​ള​​വും ക​​ന്ന​​ഡ​​യും ഇം​​ഗ്ലീ​​ഷും ന​​ന്നാ​​യി വ​​ഴ​​ങ്ങു​​ന്ന ശി​​ല്പ 2016-ലെ ഐ.പി.എസ് ബാച്ചുകാരിയാണ്. കാസർഗോഡ് ആദ്യനിയമനം ലഭിച്ച ഡി.ശില്പ ബെംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ട് സ്വദേശിനിയാണ്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ രണ്ടാം ശ്രമത്തിൽ വിജയിച്ച ഡി.ശില്പ  ഹൈദരാബാദിലും തൃശൂരിലെയും പരിശീലനത്തിന് ശേഷം കാസർഗോഡാണ് ആദ്യമായി നിയമനം ലഭിച്ചത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ബിസിനസ് അനലിസ്റ്റായിരുന്ന ശിൽപ്പ വിവാഹ ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. പിതാവ് ദ്യാവയ്യ കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു. അമ്മ ലളിത. ഭർത്താവ് ഐ ടി പ്രൊഫഷണലായ ആനന്ദ്. മകൾ ഐറ.