നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ്ബാക്കുക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ലക്ഷ്യം; മന്ത്രി വി എൻ വാസവൻ.


കോട്ടയം: നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ്ബാക്കുകയാണ് ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ലക്ഷ്യം എന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നീണ്ടൂരിൽ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 കുമരകത്തിനും അയ്മനത്തിനും പിന്നാലെയാണ് നീണ്ടൂരും ഉത്തരവാദിത്ത ടൂറിസത്തിൽ ഇടം നേടിയത്. സംസ്ഥാന  ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കി വരുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയാണ് മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി. പദ്ധതിയുടെ ഉത്ഘാടനം നീണ്ടൂർ ശ്രീ ഭദ്രാ ഓഡിറ്റോറിയത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന ആസൂത്രണ പ്രക്രിയ ആണിത്.

 

 കാര്‍ഷിക ടൂറിസം  മേഖലയായ നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ്ബ് ആക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭ ചേരുക.ടൂറിസം റിസോര്‍സ് മാപ്പിങ് നടത്തുക, ടൂറിസം റിസോര്‍സ് ഡയറക്ടറി   പ്രസിദ്ധീകരിയ്ക്കുക, തദ്ദേശ വാസികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുക,ടൂറിസം മാര്‍ക്കറ്റിങ്, ഫാം ട്രിപ്പുകള്‍/ Village Life Experience Package ഉൾപ്പെടെയുള്ള വ നടപ്പാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുക, ടൂറിസം മേഖലയിൽ തദ്ദേശ വാസികൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുക, ഫാം ടൂറിസം, വില്ലേജ് ടൂറിസം, കനാൽ ടൂറിസം പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 4 വർഷമാണ് പദ്ധതിയുടെ നിർവ്വഹണ കാലാവധി. ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്  അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തി ഉത്തരവാദ ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ പദ്ധതിയും റിപ്പോർട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പമ്മ തോമസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഹൈമീ ബോബി ജില്ലാ പഞ്ചായത്ത് മെമ്പർ, തോമസ് കോട്ടൂർ വൈസ് പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റുമാനൂർ, സവിത ജോമോൻ ബ്ലോക്ക് പഞ്ചായത്ത് ഏറ്റുമാനൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ , ഭഗത് സിംഗ് വിഎസ് ജില്ല കോർഡിനേറ്റർ രതീ റ്റി നായർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു