കോട്ടയം: വില്ലേജ് ഓഫീസ് തലം വരെയുള്ള സർക്കാർ ഓഫീസുകളിലെ ഫയലുകൾ തീർപ്പാക്കാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന തീവ്രയജ്ഞപരിപാടി സംഘടിപ്പിക്കുമെന്നും ഇതിനായി ജൂൺ 10നകം ജില്ലാതല കർമ്മപരിപാടി ആവിഷ്‌ക്കരിക്കുമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
വിവിധ വകുപ്പുകളിലെ ഫയലുകളുടെ തീർപ്പാക്കൽ അവലോകനം ചെയ്യുന്നതിനായി എല്ലാ മാസവും മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേരും. വകുപ്പുകൾ ഫയൽ തീർപ്പാക്കൽ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് എല്ലാ മാസവും നൽകണം. ജില്ലയിലെ വിവിധ ഓഫീസുകളിൽനിന്ന് അതത് വകുപ്പുകളുടെ ജില്ലാതല മേധാവികൾ ഫയൽ തീർപ്പാക്കൽ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയാറാക്കി എല്ലാ മാസവും നൽകണം. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സർക്കാർ ജീവനക്കാരെ അഭിസംബോധനചെയ്യും.
സെപ്റ്റംബർ 30 വരെ തീർപ്പാക്കിയ ഫയലുകളുടെ പുരോഗതി ഒക്‌ടോബർ 10നകം അതത് വകുപ്പുകൾ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ സമാഹൃത വിശദാംശങ്ങൾ ഒക്‌ടോബർ 15നകം ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും. ജില്ലയിലെ വിവിധ വകുപ്പുകളുടെ തപാൽ വിഭാഗത്തിൽ ലഭിച്ച അപേക്ഷകളടക്കം അടിയന്തരമായി ഫയലാക്കണം. ഫയൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന തൻപതിവേട് (പേഴ്‌സണൽ രജിസ്റ്റർ) കൃത്യമായി പരിപാലിക്കണം. ജില്ലാതല ഉദ്യോഗസ്ഥർ ഇതു പരിശോധിച്ച് ഉറപ്പാക്കണം. ഓരോ വകുപ്പും തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ വിവരങ്ങളും തീർപ്പാകാതെ കിടന്ന കാലയളവും വ്യക്തമാക്കി ജൂൺ 10നകം വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്കു നൽകണം.അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി നിയമപരമായി സേവനങ്ങൾ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രദ്ധിക്കണം. ഫയൽ തീർപ്പാക്കുമ്പോഴുള്ള തീരുമാനം എന്തെന്നത് അപേക്ഷകനെ കൃത്യമായി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.