ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ യോഗ ശീലമാക്കുക: ജില്ലാ കളക്ടർ.


കോട്ടയം: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ദൈനംദിനം യോഗ ശീലമാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ആയുഷ് വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കളക്ടർ.

മാനസിക പിരിമുറുക്കവും ജീവിതശൈലീ രോഗങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ യോഗയുടെ പ്രാധാന്യവും ചർച്ച ചെയ്യപ്പെടണം. ആരോഗ്യമുള്ള മനസ് അച്ചടക്കമുള്ള ജീവിത രീതിയിലേക്ക് നയിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വി. അനിൽകുമാർ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരളാ കുമാരി, ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ജി. ശ്രീജിനൻ, ആയുഷ് ഗ്രാം പ്രോജക്ട് ഡോ. ധന്യാ ദാസ് , എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം.എൻ. ശിവപ്രസാദ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ, യോഗ പരിശീലനം, യോഗ ഫുഡ്‌ഫെസ്റ്റ്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയുമായി സഹകരിച്ച് യോഗദിന പരിപാടികൾ നടത്തി.