കോട്ടയം: വെള്ളൂരിന്റെ നഷ്ടപ്രതാപം സർക്കാർ വീണ്ടെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വെള്ളൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ന്യൂസ് പ്രിന്റ് ലിമിറ്റഡ് വീണ്ടെടുത്തതുപോലെ വെള്ളൂരിലെ മുഴുവൻ വികസനപ്രവർത്തനങ്ങളും വേഗത്തിലാക്കി നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടി എന്ന ആശയം നടപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാ റൂട്ടിലും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും. ഇന്ധനചെലവിന്റെ പങ്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിക്കണം. ഇത്തരത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകളിൽ പ്രാദേശിക പരസ്യങ്ങൾ നൽകുന്നതിന് സൗകര്യം ഒരുക്കും. ഇതിന്റെ പരസ്യത്തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയായി 25 വർഷം പിന്നിട്ട വെള്ളൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് ആവശ്യമായ വീതിയിൽ വഴിയില്ലാതിരുന്നതിനാലും സ്ഥലം ഏറ്റെടുപ്പിലെ സാങ്കേതിക തകരാറും മൂലം പ്രവർത്തനക്ഷമമാക്കാൻ കഴിയാതെ പോവുകയായിരുന്നു. ബസ് സ്റ്റാൻഡിന് സ്ഥലം വിട്ടുനൽകിയ അഡ്വ. അനിൽ കുമാറിനെയും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 'മനസോടിത്തിരി മണ്ണ്' പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ അങ്കണവാടി അധ്യാപിക എൽസമ്മയേയും മന്ത്രി ആദരിച്ചു. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ബസ് സ്റ്റാൻഡ് നാടിന് സമർപ്പിച്ചത്. ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തതോടെ വെള്ളൂർ നിവാസികളുടെ കാൽനൂറ്റാണ്ടിലെ സ്വപ്‌നമാണ് യാഥാർഥ്യമായത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സന്ധ്യ, ഷിനി സജു, വി.കെ. മഹിളാമണി, ഒ.കെ. ശ്യാം കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമൽ ഭാസ്‌കർ, തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എൻ. സോണിക, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ആർ. നിഖിതകുമാർ, രാധാമണി മോഹനൻ, ലിസി സണ്ണി, കെ.എസ് സച്ചിൻ, ജെ. നിയാസ്, സുമ തോമസ്, പി.പി. ബേബി, മിനി ശിവൻ, വെള്ളൂർ പഞ്ചായത്ത് സെക്രട്ടറി എസ്. ദേവി പാർവതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ശെൽവരാജ്, ജോൺ വി. ജോസഫ്, ജോയ് ചെറുപുഷ്പം, ടി.വി. ബേബി, പോൾസൺ ജോസഫ്, പി.സി. ബിനീഷ് കുമാർ, പി.എ. ഷാജി, ചാക്കോ പുളിയിലക്കലായിൽ എന്നിവർ പങ്കെടുത്തു.