ഏറ്റുമാനൂര്‍: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ ഇല്ലിക്കല്‍ തിരുവാര്‍പ്പ് ക്ഷേത്രം റോഡ് പുനര്‍ നിര്‍മ്മാണം ജൂലൈ 31 നകം പൂര്‍ത്തീകരിക്കുമെന്നു സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 2020 ഏപ്രിലില്‍ ആയിരുന്നു ഈ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് ആറ്റിലേയ്ക്ക് പതിച്ചത്.
തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ നടത്തിയ പരിശോധനകളില്‍ സംരക്ഷണ ഭിത്തിയെക്കാള്‍ പാലം നിര്‍മ്മിക്കുന്നതായിരിക്കും ഉചിതം എന്നു വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബജറ്റില്‍ പത്ത് കോടി രൂപ വകയിരുത്തി. 15 മീറ്ററിന്റെ 9 സ്പാനുകളായി 137 മീറ്റര്‍ നീളത്തില്‍ 24 പൈലുകളോട് കൂടി 9.75 മീറ്റര്‍ വീതിയില്‍ പാലം രൂപകല്‍പ്പന ചെയ്തു. ആറിന്റെ വശത്ത് കാന്റിലിവര്‍ ഫുട്പാത്തും പുരയിടങ്ങളിലേയ്ക്കുള്ള അപ്രോച്ച് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2021 ഡിസംബറിൽ സ്ഥലം കൈമാറി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു എഗ്രിമെന്റ്. യുദ്ധകാല അടിസ്ഥാനത്തിൽ 137 മീറ്റര്‍ നീളമുള്ള പാലത്തിന്റെ അവസാനത്തെ സ്ലാബ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചു. ഇനി ടാറിംഗും മാര്‍ക്കിംഗും അടക്കമുള്ള പ്രവര്‍ത്തികളാണുള്ളത്.സ്ലാബിന് 28 ദിവസം ക്യൂറിങ് ആവശ്യമാണ്. ഇതിന് ശേഷം അനുകൂല കാലാവസ്ഥ ലഭ്യമാകുകയാണെങ്കില്‍ വീണ്ടും 15 ദിവസം കൂടി മറ്റു പ്രവര്‍ത്തികള്‍ക്കായി വേണ്ടി വരുമെന്നും ഇപ്രകാരം പ്രവര്‍ത്തികള്‍ നടന്നാല്‍ ജൂലൈ 31 ന് മുമ്പായി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.