കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ പുരയിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് പിഴ ചുമത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ജോൺ, വെള്ളപ്പനാട്ടുചിറ എന്ന വ്യക്തിക്കാണ് 2000 രൂപ പിഴ ചുമത്തിയത്.
പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് വീടിനു പുറകിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടത്തിയത്. ഹരിത കർമ്മസേന മുഖാന്തിരം പ്ലാസ്റ്റിക് ശേഖരണത്തിന് ഗ്രാമപഞ്ചായത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക് കൈമാറാതെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്ന വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിന് പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അറിയിച്ചു.