കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റശേഷം ഒരു വർഷത്തിനുള്ളിൽ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ ജില്ലയിൽ സ്വപ്‌ന ഭവനം സ്വന്തമാക്കിയത് 1444 കുടുംബങ്ങൾ. ലൈഫ് രണ്ടാംഘട്ടത്തിൽ 360 വീടുകളും മൂന്നാംഘട്ടത്തിൽ 735 വീടുകളും പട്ടികജാതി, പട്ടിക വർഗ, ഫിഷറീസ് വകുപ്പുകളുടെ അഡീഷണൽ പട്ടികയിലെ 349 വീടുകളും പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറി.

പാമ്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി ബ്ലോക്കു പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ നിർമിച്ചത്. പാമ്പാടി- 157, കാഞ്ഞിരപ്പള്ളി- 146, കടുത്തുരുത്തി- 132 എന്നിങ്ങനെയാണ് പൂർത്തീകരിച്ച വീടുകളുടെ എണ്ണം. കടുത്തുരുത്തി, പള്ളിക്കത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളാണ് കൂടുതൽ വീടുകൾ നിർമിച്ച് നൽകിയത്. കടുത്തുരുത്തി-59, പള്ളിക്കത്തോട്-42, മുണ്ടക്കയം-39 എന്നിങ്ങനെയാണ് പൂർത്തീകരിച്ച വീടുകളുടെ എണ്ണം. സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയ് 22ന് രാവിലെ 9.30ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ഭൂരഹിത കുടുംബങ്ങൾക്ക് ജനപങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുന്നതിനായി നടപ്പാക്കുന്ന മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് സ്ഥലം സംഭാവന നൽകിയവരെ മന്ത്രി ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിശിഷ്ടാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, വി.കെ. പ്രദീപ് കുമാർ, സബിത പ്രേംജി, ബിജു വലിയമല, റോസിലി ടോമിച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്. ഷിനോ, ജില്ലാ വനിതക്ഷേമ ഓഫീസർ ലക്ഷ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി. കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

