നിർധന കുടുംബത്തിന് ശുചിമുറി നിർമ്മിക്കാനെത്തി, മിനി ഹോം നിർമിച്ച് യൂത്ത് കെയർ, ഉദ്ഘാടനം ജൂൺ ഒന്നിന്.


എരുമേലി പഞ്ചായത്ത്‌ ഏയ്ഞ്ചൽവാലിയിലുള്ള  നിർധന കുടുംബത്തിനാണ്  മിനി ഹോം എരുമേലി യൂത്ത് കെയർ പ്രവർത്തകർ നിർമിച്ചത്. പാറകെട്ടുകൾ നിറഞ്ഞ സ്ഥലത്ത് ഒരു ഷെഡിലായിരുന്നു രണ്ടു പെൺകുട്ടികൾ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

തുടർന്ന് ബിനു മറ്റക്കരയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് ഒട്ടേറെ സാമൂഹിക പ്രേവർത്തനങ്ങൾ  നടത്തുന്നതിനിടയിൽ മിനിഹോം നിർമാണം ഏറ്റെടുക്കുകയായിരുന്നു. ആദ്യം ശുചിമുറി നിർമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പാറകൂട്ടത്തിനിടയിലെ നിർമ്മാണം വെല്ലുവിളിയായി മാറി. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത യൂത്ത്കെയർ പ്രവർത്തകർ ഒത്തൊരുമയോടെ നിന്ന് മിനി ഹോം നിർമാണം പൂർത്തീകരിച്ചു. കല്ലും സിമന്റും എല്ലാം ചുമന്നത് പ്രവർത്തകർ തന്നെയാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ രണ്ടുപെൺകുട്ടികളും സഹോദരനും മാതാപിതാക്കളും വൃദ്ധമാതാവും അടങ്ങുന്നതാണ് കുടുംബം.

മൂത്ത മകളെ വിവാഹം കഴിപ്പിച്ചു അയച്ചു. സൗജന്യമായി ലഭിച്ച സ്ഥലത്താണ് ഇവർ ഷെഡ് കെട്ടി താമസിച്ചിരുന്നത്. കൃത്യമായ ആടച്ചുറപ്പില്ലാത്ത വീട്ടിൽ ഭയന്നാണ് ഇവർ പെണ്മക്കൾക്ക് ഒപ്പം കഴിഞ്ഞിരുന്നത്. മിനിഹോമിന്റെ താക്കോൽദാനം ജൂൺ ഒന്നിന് രാവിലെ 10 ന് ഡി. സി. സി. പ്രസിഡന്റ്‌ നാട്ടകം സുരേഷ് നിർവഹിക്കും. ആന്റോ ആന്റണി എം. പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത് കെയർ ചെയർമാൻ ബിനു മറ്റക്കര അധ്യക്ഷത വഹിക്കും. കെ. പി. സി. സി. ജനറൽ സെക്രട്ടറിമാരായ പി. എ. സലീം, എം. ജെ. ജോസഫ്, കെ. പി. സി. സി. എക്‌സികുട്ടീവ് അംഗം ടോമി കല്ലാനി, ഷെഹിം വിലങ്ങുപാറ, അസർ കറുകാഞ്ചേരി എന്നിവർ പ്രസംഗിക്കും.