പാലാ: കഴിഞ്ഞ ദിവസം പാലായിൽ പൊതുസ്ഥലത്തെ മദ്യപന്മാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പാലാ സി ഐ കെ പി തോംസണിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. പാലായിൽ മീനച്ചിലാറിന്റെ തീരാത്ത കടവിൽ മഫ്തിയിലായിരുന്ന പാലാ സി ഐ യോട് കയ്യിൽ ബിയർ കുപ്പിയുമായി അവിടെയെത്തിയ യുവാക്കൾ ഒരു ചോദ്യം ചോദിച്ചു. ഇവിടിരുന്നു ബിയറടിച്ചാൽ പോലീസ് പിടിക്കുമോ എന്ന്. ഉത്തരം കേൾക്കാൻ പോലും നിൽക്കാതെ യുവാക്കൾ പടവുകളിറങ്ങി സ്വസ്ഥമായി ഇരുന്നു കലാപരിപാടി ആരംഭിച്ചു. ആറ്റുകടവിന്റെ മറ്റൊരു ഭാഗത്ത് മദ്യപിച്ചിരുന്ന യുവാക്കളുടെ സംഘത്തെ പിടികൂടുന്നതിനായി എത്തിയ പോലീസ് സംഘം ഉടനെ തന്നെ ഇവരെയും കയ്യോടെ പിടികൂടി. പോലീസ് സ്ഥലത്തെത്തിയതോടെയാണ് തങ്ങളുടെ ചോദ്യം ആളുമാറി പോയതാണെന്ന് യുവാക്കൾ മനസ്സിലാക്കിയത്. മഫ്തിയിലായിരുന്ന പാലാ സി ഐ യെ യുവാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. അമളി പറ്റിയ യുവാക്കൾ ജീപ്പിൽ കയറി പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ സംഭവത്തിൽ യുവാക്കൾക്കും പോലീസുകാർക്കും ഇപ്പോഴും ചിരിയടക്കാൻ സാധിച്ചിട്ടില്ല. യുവാക്കൾക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള കേസെടുത്തിട്ടുണ്ട്.