ഏറ്റുമാനൂർ: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം വാർഡിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. ഏപ്രിൽ 13 വരെ പേര് ചേർക്കാനും തിരുത്തൽ വരുത്താനും സാധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
ഇതുസംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഈ ദിവസങ്ങളിൽ സമർപ്പിക്കാം. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടർപട്ടിക ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടിക ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം വാർഡിൽ മാത്രമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.