മണിമല: ആഘോഷദിനങ്ങൾക്കിടെ അപ്രതീക്ഷിതമായെത്തിയ അപകട വാർത്ത നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. മണിമലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മണിമല കരിമ്പനക്കുളം സ്വദേശിനി ചിത്തിര (29)യാണ് മരിച്ചത്.
പൊന്കുന്നത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്ന ചിത്തിരയും മറ്റൊരു ജീവനക്കാരിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മണിമല സ്വദേശിയുടെ ബൈക്കും തമ്മിൽ കരിമ്പനക്കുളത്തിനു സമീപം വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. പ്രധാന പാതയിൽ നിന്നും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിനിടെയാണ് എതിരെയെത്തിയ ബൈക്ക് ഇടിച്ചു കയറിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിത്തിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രികൻ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിലേക്കെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചിത്തിരയെ മരണം കവർന്നെടുത്തത്.
അമ്മയെ കാണാതിരുന്ന ഒന്നാം ക്ലാസ്സുകാരി മകൾ നിവേദിതയുടെ കരച്ചിലിൽ നെഞ്ചു പിടഞ്ഞു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ചിത്തിരയുടെ ഭർത്താവ് രാജീവ് ഗൾഫിലാണ്. മണിമല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിയെയും ബൈക്ക് യാത്രികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.