പാലാ: ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ സംസ്ഥാനത്തെ ബജറ്റിനെ കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ ശാക്തീകരണം ലക്ഷ്യമിട്ട ദീര്‍ഘവീക്ഷണമുള്ള 'എഡ്യൂ- ടെക്' ബജറ്റെന്ന് വിശേഷിപ്പിക്കാം എന്ന് ജോസ് കെ മാണി എം പി.
കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിച്ച പദ്ധതികളും കാരുണ്യ പദ്ധതിയുടെ പുനര്‍ജ്ജീവനവും കേരള ബജറ്റിന്റെ കാരുണ്യ മുഖമാണ്. റബ്ബര്‍ കാര്‍ഷിക മേഖലയില്‍ 500 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചതും റോഡ് നിര്‍മ്മാണത്തില്‍ ബിറ്റുമിനോടൊപ്പം റബ്ബറും ഉപയോഗിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതും ഈ മേഖലയ്ക്ക് കരുത്തേകുന്ന ഭാവനാസമ്പന്നമായ നടപടിയാണ്. നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തുന്നതിന് 50 കോടി രൂപ നീക്കിവെച്ചതും, നാളികേര വികസനത്തിന് 73.90 കോടി വകയിരുത്തിയത് സ്വാഗതാര്‍ഹമാണ് എന്ന് ജോസ് കെ മാണി എം പി പറഞ്ഞു.
സിയാല്‍ മാതൃകയില്‍ കാര്‍ഷിക വികസന കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്. ഇക്കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച പ്രധാന കാര്‍ഷിക ആവശ്യങ്ങളായിരുന്നു. കെ.എം.മാണി സാറിന്റെ സ്വപ്ന പദ്ധതിയായ കാരുണ്യ പദ്ധതിക്ക് പുതുജീവന്‍ നല്‍കാന്‍ 500 കോടി വകയിരുത്തിയതില്‍ ഏറെ സന്തോഷമുണ്ട്. പാവപ്പെട്ട രോഗികളോടുള്ള കരുണയും കരുതലുമാണിത്. കേരളം നേരിടുന്ന ഒരു വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണം.
വനാതിര്‍ത്തികളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടുന്ന ജനസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണത്തിനെതിരെ കേരള കോണ്‍ഗ്രസ് എം അതിശക്തമായ സമര പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇക്കാര്യം പാര്‍ലെമെന്റിന്റ ശ്രദ്ധയില്‍ കൊണ്ടുവരികയും നിയമ ഭേദഗതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ട്രൈബ്യൂണല്‍ ഉള്‍പ്പെടെ സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി 25 കോടി രൂപ നീക്കിവച്ചത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ്. ഇതില്‍ 7 കോടി വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ഉറ്റവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരമാണെന്നത് എടുത്തു പറയേണ്ടതാണ്. കൂടുതല്‍ സയന്‍സ് പാര്‍ക്കുകളും ടെക്‌നോപാര്‍ക്കുകളും പ്രഖ്യാപിച്ചത് ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന് പുതിയ പ്രതിഛായ നല്‍കും.