പാലാ: പാലായില്‍ ഗര്‍ഭിണിയായ യുവതിക്കും ഭര്‍ത്താവിനും നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമകളെയും തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.വർക്ക് ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ(38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാലാ എസ്എച്ച്ഒ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം ഉണ്ടായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ അഖിലും 6 മാസം ഗർഭിണിയുമായ ഭാര്യ ജിൻസിയും ഞൊണ്ടിമാക്കൽ കവലയിലുള്ള വീട്ടിലേക്ക് വഴിയരികിലൂടെ നടന്നു വരുന്നതിനിടെ സമീപത്തെ വർക്ക്ഷോപ്പ് ഉടമകളും സുഹൃത്തുക്കളും കമൻറ് അടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് ആണ് ആക്രമണം ഉണ്ടായത്.
ഭർത്താവിനെ ഇവർ സംഘം ചേർന്ന് മർദ്ധിക്കുകയും ഇത് കണ്ടു തടയാനെത്തിയ ഗർഭിണിയായ യുവതിയുടെ വയറിൽ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതേതുടർന്ന് യുവതിക്ക് രക്തസ്രാവമുണ്ടാകുകയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജിന്സിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആക്രമണമുണ്ടായ സമയം പോലീസിനെ വിളിക്കാൻ ശ്രമിച്ച ദമ്പതികളെ ഇവർ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതായും ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് സ്ഥലത്ത് എത്തുന്നതിനു മുൻപ് ഇവർ മറ്റൊരു വാഹനത്തിൽ കയറി കടന്നു കളയുകയിരുന്നു.
സംഭവത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ കർശന നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇന്നലെ മുതൽ അന്വേഷം ഊർജ്ജിതമായി ആരംഭിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനു ശേഷം ബാംഗ്ലൂരിലേക്ക് കടക്കാനുള്ള പദ്ധതിയുമായി അമ്പാറ നിരപ്പിലുള്ള റബ്ബർതോട്ടത്തിൽ ഒളിവിൽ കഴിഞ ഒന്നും രണ്ടും പ്രതികളെയും മൂന്നും നാലും പ്രതികളെ അവരവരുടെ വീടുകളിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. എസ് ഐ അഭിലാഷ് എംഡി, എ എസ് ഐ മാരായ ഷാജി എ ടി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ജസ്റ്റിൻ ജോസഫ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.