വനിതാ വിജയ ഗാഥ: ലോക്ക് ഡൗണിൽ നേരമ്പോക്കിനായി നെറ്റിപ്പട്ടം നിർമ്മിച്ചു, ഇന്ന് ആമസോണിലടക്കം ആവശ്യക്കാർ ഏറെയുള്ള പുതുസംരംഭവുമായി കോട്ടയം മണിമല സ്വദേശിനി


കോട്ടയം: കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചതോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നേരമ്പോക്കിനായി നിർമ്മിച്ചു തുടങ്ങിയ നെറ്റിപ്പട്ടത്തിനു ഇന്ന് ആമസോണിലടക്കം ആവശ്യക്കാർ ഏറെയാണെന്ന് കോവിഡ് വിതച്ച പ്രതിസന്ധിയിൽ നിന്നും പുഞ്ചിരിച്ച മുഖവുമായി അതിജീവനത്തിന്റെ പാത തുറന്ന കോട്ടയം മണിമല സ്വദേശിനിയായ നീനു രതീഷ് രചിച്ചത് വനിതാ വിജയ ഗാഥ.

 

എറണാകുളത്ത് ടൂറിസം മേഖലയിൽ ജോലി ചെയ്തിരുന്ന നീനുവിന് കോവിഡ് പടർന്നു പിടിച്ചതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു. തുടർന്നുണ്ടായ ലോക്ക് ഡൗണിൽ വീടിനുള്ളിൽ തന്നെ ഇരുന്നപ്പോൾ നേരമ്പോക്കിനായി നിർമ്മിച്ചു തുടങ്ങിയതാണ് നെറ്റിപ്പട്ടം എന്ന് നീനു പറഞ്ഞു. ചെറുപ്പം മുതൽക്കെ കരകൗശല വസ്തുക്കളോടുള്ള പ്രിയവും നിർമ്മിക്കാനുള്ള ഉത്സാഹവും ലോക്ക് ഡൗണിൽ നീനു പൊടി തട്ടി എടുത്തു. ആദ്യം ഉണ്ടാക്കിയ നെറ്റിപ്പട്ടം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആവശ്യക്കാർ ഏറെ എത്തിത്തുടങ്ങി.

 

പിന്നീട് നടന്നത് കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച നീനുവിന്റെ നീനു ആർട്ട്സിന്റെ പിറവിയായിരുന്നു. ആമസോണിലടക്കം നീനു ആർട്ട്സ് എന്ന പേരിൽ ഇന്ന് നെറ്റിപ്പട്ടം ആവശ്യക്കാർക്ക് നിർമ്മിച്ചു നൽകുന്നുണ്ട്. ഓഡറുകൾ സ്വീകരിച്ചതും വിവിധ തരത്തിലുള്ള നെറ്റിപ്പട്ടങ്ങൾ നീനു നിർമ്മിച്ചു നൽകുന്നുണ്ട്. നീനുവിന്റെ ലോക്ക് ഡൗണിലെ സംരംഭം ഇപ്പോൾ വരുമാനമാർഗ്ഗമായി മാറി. പൂർണ്ണ പിന്തുണയുമായി ഭർത്താവ് കോട്ടയം കുറവിലങ്ങാട് വെളിയന്നൂർ കളപ്പുരയിൽ രതീഷ് രാജ്, കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

ജോലി നഷ്ട്ടപ്പെട്ട പ്രതിസന്ധികളിൽ വിഷമിച്ചു മറ്റൊന്നും ചിന്തിക്കാതെ ഇരുന്നിരുന്നെകിൽ ഇന്ന് തനിക്ക് ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കില്ലായിരുന്നു എന്ന് നീനു പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ വിജയത്തിനായി മറ്റു മാർഗ്ഗങ്ങൾ നമ്മൾ എപ്പോഴും അന്വേഷിക്കണമെന്നും ഈ യുവ സംരംഭക പറയുന്നു. ഒന്നര അടി മുതൽ അഞ്ച് അടി വരെയുള്ള നെറ്റിപ്പട്ടങ്ങളും നിർമ്മിച്ച് നൽകുന്നുണ്ട്. സംശയങ്ങൾ യൂട്യൂബിൽ നോക്കി പഠിക്കുകയും ആവശ്യമായ സാധന സാമഗ്രികൾ തൃശൂരിൽ നിന്നും വാങ്ങുകയുമാണ് ചെയ്യുന്നത്.

വിവിധ തരത്തിലുള്ള നെറ്റിപ്പട്ടങ്ങളും കുരിശ്, ഓം എന്നിവ ആലേഖനം ചെയ്ത നെറ്റിപ്പട്ടങ്ങളും നീനു നിർമ്മിക്കുന്നുണ്ട്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കും തുടങ്ങി നെറ്റിപ്പട്ടത്തിനു ആവശ്യക്കാരേറെയാണെന്നു നീനു പറഞ്ഞു. നെറ്റിപ്പട്ടം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം: 6238355499 neenusarts@gmail.com