കോട്ടയം: മലയാള ചലച്ചിത്ര അഭിനയ രംഗത്ത് ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് ലീഡ് റോളുകളിലെത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത കോട്ടയത്തിന്റെ യുവതാരം ഇപ്പോൾ തമിഴ് ചലച്ചിത്ര മേഖലയിലും തിളങ്ങാനൊരുങ്ങുകയാണ്.
സൂര്യ-ബാല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കോട്ടയത്തിന്റെ യുവതാരം കിടങ്ങൂർ സ്വദേശിനി മമിത ബൈജു. അടുത്തിടെയിറങ്ങിയ സൂപ്പർ ശരണ്യയിലെ സോനാ എന്ന കഥാപാത്രം, ഖോ ഖോ, ഓപ്പറേഷൻ ജാവ എന്നിവയിലെ അഭിനയം മമിതയ്ക്ക് വലിയ പ്രേക്ഷകപ്രീതിയാണ് നേടിക്കൊടുത്തത്.
സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ പൂജ ചടങ്ങുകൾ കഴിഞ്ഞു ചിത്രീകരണം കന്യാകുമാരിയിൽ ആരംഭിച്ചു. പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രത്തിൻറെ സംവിധായകൻ. 2ഡി എന്റർടൈന്മെന്റ്ന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. 18 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന കോട്ടയത്തിന്റെ യുവതാരത്തിനു കോട്ടയത്തിന്റെ ആശംസകൾ.