കെ-റെയിൽ പ്രതിഷേധം ശക്തം: കോട്ടയം നട്ടാശ്ശേരിയിൽ ഇന്ന് സ്ഥാപിച്ച സർവ്വേ കല്ലുകൾ നാട്ടുകാർ പിഴുതെടുത്ത് വില്ലേജ് ഓഫീസിൽ സ്ഥാപിച്ചു.


കോട്ടയം: കോട്ടയം നട്ടാശ്ശേരിയിൽ കെ-റെയിൽ സിൽവർ ലൈനിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഇന്ന് രാവിലെ നട്ടാശ്ശേരി കുഴിയലിപ്പടിയിൽ ഉദ്യോഗസ്ഥരെത്തി 3 സ്ഥലങ്ങളിലായി സ്ഥാപിച്ച 12 സർവ്വേ കല്ലുകളും നാട്ടുകാർ പിഴുതെടുത്തു. ഇതിൽ 10 സർവ്വേ കല്ലുകൾ കെ-റെയിൽ വാഹനത്തിൽ തന്നെ നാട്ടുകാർ തിരികെയിടുകയും 2 എണ്ണത്തിൽ ഒന്ന് നാട്ടുകാർ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിനു മുന്നിലും മറ്റൊന്ന് മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിലും വലിച്ചെറിയുകയായിരുന്നു.

യുഡിഎഫ്-ബിജെപി നേതാക്കളും സ്ത്രീകളടക്കമുള്ള നാട്ടുകാരും പ്രകടനമായി എത്തിയാണ് സർവ്വേ കല്ല് പെരുമ്പായിക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ സ്ഥാപിച്ചത്. സിൽവർ ലൈനിനെതിരെ ശക്തമായി പ്രതിഷേധിച്ച് വീണ്ടും നാട്ടുകാർ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തി വെച്ചിരുന്ന സർവ്വേ നടപടികൾ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. നാട്ടുകാരും കൗൺസിലർമാരും ചേർന്നാണ് ഇന്ന് രാവിലെ സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതു മാറ്റിയത്. ഇന്ന് രാവിലെ സർവ്വെയ്ക്കായി എത്തിയ ഉദ്യോഗസ്ഥരോട് നാട്ടുകാർ രേഖകൾ ആവശ്യപ്പെടുകയും മതിയായ രേഖകളില്ലാതെ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല എന്നും നാട്ടുകാർ പറഞ്ഞു.

സ്ഥലത്ത് നാട്ടുകാരും കെ-റെയിൽ ഉദ്യോഗസ്ഥരും തഹസില്ദാരുമായും വാക്കേറ്റമുണ്ടായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇപ്പോൾ സർവ്വേ നടപടികൾ നിർത്തി വെച്ചിരിക്കുകയാണ്. ഇന്ന് സർവ്വേ നടപടികൾ തുടരുന്നില്ല എന്നാണു കെ-റെയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർവ്വേ നടപടികൾ നിർത്തി വെച്ചിരുന്നതിനാൽ ഇന്ന് വീണ്ടും കല്ലിടുന്നതിനുമായി ഉദ്യോഗസ്ഥർ എത്തുമെന്ന് നാട്ടുകാർ കരുതിയിരുന്നില്ല. കഴിഞ്ഞ 3 ദിവസങ്ങളായി കുഴിയലിപ്പടിയിൽ സംഘർഷം നിലനിൽക്കുകയാണ്. ഇതിനിടയിലാണ് ജനവാസ മേഖലയിൽ ഇന്ന് രാവിലെ ഉദ്യോഗസ്ഥ സംഘം വീണ്ടും കല്ലിടുന്നതിനായി എത്തിയത്.