കോട്ടയം: കോട്ടയം ജില്ലയിൽ കർശന വാഹനപരിശോധനക്ക് ജില്ലാ പോലീസ് മേധാവി ഡി.ശില്പ നിർദ്ദേശം നൽകി. ജില്ലയിൽ പോലീസ് ഇന്നലെ മുതൽ കര്‍ശനമായ വാഹന പരിശോധന ആരംഭിച്ചു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതും കുട്ടികളുടെ സാഹസികമായുള്ള വാഹന ഉപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വാഹനപരിശോധന കർശനമാക്കിയത്.
കോട്ടയം നഗരത്തിന് സമീപമുള്ള ഒരു കോളേജിലെ വിദ്യാര്‍ത്ഥിയെ ലൈസന്‍സില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് പിടികൂടി മെഡിക്കല്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കോട്ടയം ജില്ലയിൽ സമീപ കാലത്ത് കുട്ടികൾ ലൈസൻസോ, മറ്റ് മതിയായ അനുവാദപത്രങ്ങളോ ഇല്ലാതെ നിയമവിരുദ്ധമായി മോട്ടോർ വാഹനങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന പ്രവണത വളരെയധികം വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മിക്കവാറും സംഭവങ്ങളിൽ മാതാപിതാക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ അറിവോ സമ്മതമോ കൂടാതെയാണ് കുട്ടികൾ വാഹനങ്ങളിൽ അമിതവേഗതയിൽ സഞ്ചരിച്ച് കുട്ടികൾക്കും, വാഹനയാത്രക്കാർക്കും,കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കും മാരകമായ പരിക്കുകൾ പറ്റുന്നതിനും ജീവഹാനി വരെ സംഭവിക്കുന്നതിനും ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ കറുകച്ചാൽ മേഖലയിൽ 14 വയസ്സ് മാത്രം പ്രായമുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി തന്റെ ഇളയ രണ്ട് സഹോദരങ്ങളെ സ്കൂട്ടറിൽ കയറ്റി ഓടിച്ച് വരവെ എതിർദിശയിൽ സഞ്ചരിച്ച് വന്ന ഒരു യൂവാവിന്റെ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെടുകയും സ്കൂട്ടറിൽ യാത്ര ചെയ്ത കുട്ടികൾക്ക് സാരമായ പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കുട്ടികളുടെ പിതാവിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു. ലൈസൻസില്ലാതെ ഇത്തരത്തിൽ കുട്ടികൾ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതുമൂലം ഗുരുതരമായ പരിക്കുകൾ പറ്റി കുട്ടികൾ ജീവിതകാലം മുഴുവൻ ശയ്യാവലംബരായി കഴിയേണ്ടി വരുന്നതും ജീവഹാനി സംഭവിക്കുന്നതും മാതാപിതാക്കൾക്കും ബന്ധുജനങ്ങൾക്കും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മാനസികവ്യഥയ്ക്ക് കാരണമാകുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ലൈസൻസില്ലാതെ കുട്ടികൾ വാഹനങ്ങൾ ഓടിച്ച് അപകടം ഉണ്ടാക്കുന്ന സംഭവങ്ങളിൽ ഇൻഷ്വറൻസ് ക്ലെയിമുകൾ ബന്ധപ്പെട്ട വാഹനത്തിന്റെ രജിസ്ടേർഡ് ഉടമകൾ നൽകേണ്ടി വരുന്ന സാഹചര്യങ്ങളിൽ വാഹനത്തിന്റെ രജിസ്ട്രേർഡ് ഉടമകളായ മാതാപിതാക്കൾക്കും,വാഹനങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കുവാൻ കൊടുക്കുന്ന മറ്റുള്ള രജിസ്ട്രേർഡ് ഉടമകൾക്കും ഭാരിച്ച സാമ്പത്തിക/മാനസിക ക്ലേശങ്ങൾക്ക് ഇടയാക്കുന്നതാണ്. കോടതി ഉത്തരവാകുന്ന ക്ലെയിം തുക അടക്കാൻ പറ്റാതെ വരുന്ന സാഹചര്യങ്ങളിൽ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികളിലൂടെ ക്ലെയിം തുക ഈടാക്കുന്നതു മൂലം നിരവധി കുടുംബങ്ങൾ കിടപ്പാടം നഷ്ടപ്പെട്ട് വഴിയാധാരമാകുന്നതായി കണ്ടു വരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികളോ/വിദ്യാർത്ഥികളോ ലൈസൻസില്ലാതെ പൊതു നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നത് കോളേജ്/സ്കൂൾ മേധാവിമാരും,അധ്യാപകരും മറ്റും കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണ്. നിയമ വിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തുന്ന സംഭവങ്ങളിൽ വാഹനത്തിന്റെ രജിസ്ട്രേർഡ് ഉടമയിൽ നിന്നും 25,000 രൂപ പിഴയോ, 3 മാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ്സ് വരെ ഡ്രൈവിങ്ങ് ലൈസൻസ് അനുവദിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇക്കാര്യത്തിന് കുട്ടികൾക്കെതിരെ ജുവനൈൽ കോടതി മുമ്പാകെ കേസ് നിലനിൽക്കുന്നതുമാണ്. ജില്ലയിലെ എല്ലാ സ്റ്റേഷനതിർത്തികളിലും വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിങ്ങ് തുടങ്ങിയ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിനു ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സബ്ബ് ഡിവിഷൻ മേധാവിമാർക്കും നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.