ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് ആഭ്യന്തര വകുപ്പിന്റെ അനുമത


കോട്ടയം: കന്യാസ്ത്രിയെ ബലാൽത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് ആഭ്യന്തര വകുപ്പിന്റെ അനുമതി. ഇതുസംബന്ധിച്ചു എ ജി ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ കന്യാസ്ത്രീയും അപ്പീൽ നൽകിയിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് കന്യാസ്ത്രി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. കന്യാസ്ത്രിയെ ബലാൽത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം സെഷൻസ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്.

ജനുവരി 14 നാണു കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ബിഷപ്പ് കുറ്റം ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുന്നു എന്ന ഒറ്റവരി വാചകത്തിലാണ് വിധി പറഞ്ഞത്. എന്നാൽ വിധിയിൽ അപ്പീൽ നൽകുമെന്ന് അൻവശനത്തിനു മേൽനോട്ടം വഹിച്ച മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ പറഞ്ഞിരുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യസ്ത്രിയുടെ പരാതിയിലാണ് 2018 ൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തിരുന്നു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് പീഡിപ്പിച്ചതായാണ് കന്യാസ്ത്രീ പരാതിയിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ ബിഷപ്പിന് 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.