ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നു, സ്റ്റാൻഡ് റോഡിൽ തട്ടി ബൈക്ക് മറിഞ്ഞു ചാമംപതാൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.


ചാമംപതാൽ: ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നതിനെ തുടർന്ന് സ്റ്റാൻഡ് റോഡിൽ തട്ടി ബൈക്ക് മറിഞ്ഞു ചാമംപതാൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ചാമംപതാൽ കരോട്ട്മുറി സൈനുദ്ദീന്റെ മകൻ നാസർ (33) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വാഴൂർ ബ്ലോക്കു പടി ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. സ്റ്റാൻഡ് റോഡിൽ തട്ടി ബൈക്ക് മറിഞ്ഞതിനെ തുടർന്ന് നാസർ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നാസറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.