പാലാ: ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ നൽകാമെന്ന് പറഞ്ഞു പണം തട്ടിപ്പ് നടത്തിയ കേസിൽ വയനാട് സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പേരിയ സ്വദേശി മുക്കത്ത് ബേബിയുടെ മകൻ ബെന്നി(43)യാണ് പാലാ പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇയാൾ തട്ടിപ്പ് നടത്തിയതായാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ 6 മാസങ്ങളായി പാലാ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ വീടുകളിൽ ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ നൽകാമെന്ന് പറഞ്ഞു പണം തട്ടിപ്പ് നടത്തിയ പരാതിയിലാണ് അറസ്റ്റ്. സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ആയിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. പല വീടുകളിൽ നിന്നും 2000 രൂപയോളം മുൻകൂറായി വാങ്ങിയ ശേഷം സാധനങ്ങൾ ആവശ്യപ്പെട്ടു വിളിക്കുന്നവരോട് മോശമായി സംസാരിക്കുകയും വിളിക്കുന്ന സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത്.
വിവിധ ജില്ലകളിലായി തട്ടിപ്പ് നടത്തിയിരുന്ന ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലാക്കുകയും കാണാനെന്ന വ്യാജേന പാലായിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 15 ലക്ഷത്തോളം രൂപ ഇയാൾ തട്ടിപ്പ് നടത്തിയതായാണ് പോലീസ് നൽകുന്ന വിവരം. തട്ടിപ്പ് നടത്തിയ തുക ഇയാൾ മദ്യപാനത്തിനും ചെരുപ്പുകൾ വാങ്ങുന്നതിനും മസ്സാജിങ്ങ് സെന്ററുകളിൽ തിരുമ്മു ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും 400 ജോഡി ചെരുപ്പുകളാണ് പോലീസ് കണ്ടെടുത്തത്. തട്ടിപ്പിനായി ഉപയോഗിക്കുന്ന നിരവധി രസീതുകളും പോലീസ് കണ്ടെടുത്തു. കേരളത്തിലെ പത്തോളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. മുൻപും ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്. പാലാ എസ് എച് ഓ കെ പി തോംസൺ, എസ്ഐ അഭിലാഷ് എം ഡി, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ,ഷെറിൻ സ്റ്റീഫൻ, ഹരികുമാർ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.