കോട്ടയം: കോട്ടയം ജില്ലയിലെ കെഎസ്ഇബി ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി വൈദ്യുതി വകുപ്പ്. വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെഎസ്ഇബിയുടെ കോട്ടയം ജില്ലയിലെ 3 ഇലക്ട്രിക്കല്‍ സെക്ഷനുകളും രണ്ട് ഇലക്ട്രിക്കല്‍ സബ് ഡിവിഷനുകളും ഇനിമുതല്‍ കെഎസ്ഇബി പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങളിലേക്ക് മാറുകയാണ്.
അയ്മനം ഇലക്ട്രിക്കല്‍ സെക്ഷന്‍, രാമപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ആൻഡ് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ആൻഡ് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ എന്നീ ഓഫീസ് മന്ദിരങ്ങളാണ് ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നാടിനു സമർപ്പിച്ചത്. എല്ലാമേഖലകളിലും ആവശ്യാനുസരണം വൈദ്യുതി തടസങ്ങളില്ലാതെ ലഭ്യമാക്കുന്നതിന് 2.14 കോടി രൂപയുടെ പദ്ധതികൾ സമയ ബന്ധിതമായി വൈദ്യുതി വകുപ്പ് സാക്ഷാത്കരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
60 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച അയ്മനം സെക്ഷൻ ഓഫീസും 82.92 ലക്ഷം വിനിയോഗിച്ച് രാമപുരത്തും 72 ലക്ഷം ചെലവഴിച്ച് കാഞ്ഞിരപ്പള്ളിയിലും നിർമ്മിച്ച ഇലക്ട്രിക്കൽ സബ്ഡിവിഷൻ-സെക്ഷൻ ഓഫീസുകളും ആണ് ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചത്. ഇതോടനുബന്ധിച്ച് രാവിലെ 10ന് അയ്മനം ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ആഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞ് 2.30 ന് രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളായിരുന്നു.തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലായി നടന്ന പരിപാടികളിൽ പങ്കെടുത്തു.