പാറക്കുളത്തിൽ മത്സ്യകൃഷിയുമായി എരുമേലി ഗ്രാമപഞ്ചായത്ത്.


എരുമേലി : മത്സ്യഫെഡിന്റെ സഹകരണത്തോടെ  പാറക്കുളത്തില്‍ മത്സ്യകൃഷിയൊരുക്കി എരുമേലി ഗ്രാമപഞ്ചായത്ത്. ആറാം വാര്‍ഡില്‍ കൊടിത്തോട്ടം പ്രദേശത്ത് .ഉപയോഗശൂന്യമായി കിടന്ന പാറക്കുളമാണ് മീൻ കുളമാക്കി മാറ്റിയത്.

 

ഏരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി മത്സൃകൃഷി   ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി വിവിധ ഇനത്തിലുള്ള 500 ഓളം മത്സ്യകുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചു. കുളത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിൽ കൂടുതല്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും. പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് മത്സ്യകുഞ്ഞുങ്ങളുടെയും, പാറക്കുളത്തിന്റെയും പരിപാലന ചുമതല.

 

വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളെ കുടുംബശ്രീ മുഖേന വിപണിയില്‍ എത്തിക്കും. കുടുംബശ്രീയ്ക്ക് വരുമാനമാര്‍ഗ്ഗമായും  പദ്ധതി പ്രയോജനപ്പെടുമെന്ന് വാർഡംഗം കെ ആര്‍ അജേഷ് കുമാര്‍ പറഞ്ഞു. പഞ്ചായത്തംഗം ജെസ്ന നജീബ്, മത്സ്യഫെഡ് പ്രമോട്ടര്‍ ഷേര്‍ലി, എഡിഎസ് ഭാരവാഹികളായ സുകുമാരി, ആബിദ തുടങ്ങിയവര്‍  പങ്കെടുത്തു.