കോട്ടയം: ചലച്ചിത്ര നടൻ കോട്ടയം പ്രദീപിന്റെ(61) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ് എന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് എൽഐസി ജീവനക്കാരനായിരുന്നു.
എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം സ്വന്തമായ ശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച നിരവധി നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു. 18 നു റിലീസ് ചെയ്യാനിരിക്കുന്ന ആറാട്ട് ആണ് പ്രദീപിന്റെ അവസാന ചിത്രം.