ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യാൻ ആരംഭിച്ചു.


ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് ബോട്ടുകൾ എത്തുന്നതിന് തടസ്സമായിരിക്കുന്ന പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം ചങ്ങനാശേരി എം എൽ എ ജോബ് മൈക്കിൾ നിർവ്വഹിച്ചു.

 

ജലാശയത്തിന് ആഴം കൂട്ടുന്നതിനുപരി ഓടയിറ്റി തെക്ക്, കാവലിക്കരി പാടശേഖരങ്ങളുടെ ബണ്ടുകളുടെ സുസ്ഥിരത വർധിപ്പിക്കുകയും ചെയുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു. 2018-ലെയും 2019-ലെയും വെള്ളപ്പൊക്കത്തിൽ വലിയ അളവിൽ ചെളിയും അവശിഷ്ടങ്ങളും കനാലിനുള്ളിൽ അടിഞ്ഞുകൂടുകയും ചെയ്തു. ഇതുമൂലം കനാലിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. സംസ്ഥാന ജലഗതാഗത വകുപ്പാണ് ഈ കനാൽ ഉപയോഗിക്കുന്നത്.

 

അടിഞ്ഞുകൂടിയ ചെളി കാരണം വിവിധ സ്ഥലങ്ങളിൽ കനാലിന്റെ ആഴം കുറഞ്ഞതിനാൽ മഴക്കാലത്ത് സമീപപ്രദേശങ്ങളിലേക്ക് വെള്ളപ്പൊക്കമുണ്ടാകാനും സാധ്യത ഉണ്ട്. അതിനാൽ കനാൽ ബണ്ടിന്റെ വീതി കൂട്ടുന്നതിനും സുസ്ഥിരത വർധിപ്പിക്കുന്നതിനുമായി കനാലിന്റെ ഉള്ളിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കം ചെയ്യുകയും വശങ്ങളിൽ നിക്ഷേപിക്കുകയും വേണ്ടതായിട്ടുണ്ട്. ഈ പ്രവൃത്തി പൂർണമാകുന്നതോടുകൂടി കർഷകർക്കും ജലഗതാഗതത്തെ ആശ്രയിക്കുന്നവർക്കും വലിയ സഹായമാകും. വരും കാലങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാൻ ശ്രമിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്ന് 1.57 കിലോമീറ്റർ അകലെയുള്ള ബോട്ട് റൂട്ട് കനാലിന്റെ മണ്ണുനീക്കൽ ഇതിനകം പൂർത്തിയായിട്ടുണ്ട്. അതെത്തുടർന്നുള്ള 1100 മീറ്റർ നീളത്തിൽ കനാലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ എക്കലും  അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതും ശരാശരി 0.4 മീറ്റർ ആഴത്തിലുള്ള ഖനനവും ആണ് പദ്ധതി.