കോട്ടയം: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 22 പ്രതികൾ അറസ്റ്റിൽ.
എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നീരജ്കുമാർ ഗുപ്തയുടെ നിർദേശ പ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പായുടെ നേതൃത്വത്തിൽ ആണ് പരിശോധനയും അറസ്റ്റും നടത്തിയത്. കോട്ടയം ജില്ലയിൽ ക്രിമിനലുകളെ അമർച്ചചെയ്യുന്നതിനായി " ഓപ്പറേഷൻ ഡാർക്ക് ഹണ്ട് ’’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തി.
പരിശോധനയിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ ഒരു പ്രതിയേയും, ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കേസിലെ ഒരു പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു.
വധശ്രമക്കേസുകളിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഒരു പ്രതിയേയും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 3 പ്രതികളേയും കൂടാതെ ജില്ലയിലാകെ ദേഹോപദ്രവം ഏൽപ്പിച്ച കേസുകളിൽ 5 പ്രതികളേയും ജാമ്യമില്ലാ വാറണ്ടു കേസുകളിലെ 8 പ്രതികളേയും അടക്കം 22 പ്രതികളെയാണ് ജില്ലയിൽ അറസ്റ്റു ചെയ്തിട്ടുള്ളത്.