കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 404 ആരോഗ്യ പ്രവർത്തകരെ നിയമിക്കും; വി


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ജില്ലാ കളക്ട്രേറ്റിൽ ഓൺലൈനായി വിളിച്ചു ചേർത്തു. 

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനു വേണ്ട തീരുമാനങ്ങൾ യോഗത്തിലുണ്ടായി. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായി വരുന്ന സാഹചര്യത്തിലും ദിനംപ്രതി പുതിയ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ മന്ത്രി വി എൻ വാസവൻ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ജില്ലയിലെ വാർഡ് തല ജാഗ്രതാ സമിതികൾ കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. വാർഡുതല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്കായി റാപ്പിഡ് റെസ്പോൺസ് ടീമിന് പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തിലെ മുനിസിപ്പാലിറ്റികളിലും തങ്ങളുടെ വെബ്‌സൈറ്റിൽ കോവിഡ് വാർ റൂം സംബന്ധമായ വിവരങ്ങളും കൺട്രോൾ റൂം നമ്പറുകളും പ്രസിദ്ധപ്പെടുത്തണം. അവശരായ രോഗബാധിതർക്ക് ആംബുലൻസ് സംവിധാനം ഉറപ്പാക്കണം. ഇവയുടെയെല്ലാം വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം.

വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഓരോ ഗ്രാമപഞ്ചായത്തിലെയും വാർഡുതലത്തിൽ വീടുകൾ തോറും പരിശോധന നടത്തി കോവിഡ് രോഗബാധിതരുടെ വിവരങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗബാധിതരുടെ വിവരങ്ങളും ശേഖരിക്കണം. ഇവരിൽ ആർക്കെങ്കിലും സഹായങ്ങളോ മരുന്നുകൾ എത്തിക്കുകയോ വേണമോ എന്ന് അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുകയും വേണം.

ജില്ലയിൽ നിലവിൽ 7 കോവിഡ് ആശുപത്രികളാണുള്ളത്. 5 ആശുപത്രികളും കോട്ടയം മെഡിക്കൽ കോളേജിലും ഐ സി എച്ചും ഉൾപ്പെടെയാണ് ജില്ലയിലെ 7 കോവിഡ് ആശുപത്രികൾ. ഉഴവൂരും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ ഡോമിസൈലിയറി കെയർ സെന്ററുകൾ ആരംഭിക്കും. നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറവായതിനാൽ ജില്ലയിൽ 404 ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ എല്ലാ തരത്തിലുമുള്ള തയ്യാറെടുപ്പുകളും കോട്ടയം ജില്ലാ നടത്തിയതായും എത്ര രൂക്ഷമായ സാഹചര്യമുണ്ടായാലും പ്രതിരോധിക്കാനുള്ള കരുത്ത് കോട്ടയത്തിനുണ്ട് എന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്.