നീണ്ടൂരിൽ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മഴു കണ്ടെത്തിയ സംഭവം: ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ആസൂത്രിതമെന്ന് സംശയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെ


ഏറ്റുമാനൂർ: അതിരമ്പുഴ മേഖലയിലെ കുറുവ സംഘ ഭീതി ഒഴിയും മുൻപ് സമീപ പ്രദേശങ്ങളിലെല്ലാം സമാനമായ രീതിയിൽ മോഷണശ്രമങ്ങളും വീടിനു പിന്നിലെ അടയാളങ്ങളും ജനങ്ങളിൽ ഭീതി വിതയ്ക്കുകയാണ്.

 

കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ നീണ്ടൂരിൽ വിജനമായ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മഴു കണ്ടെത്തിയത്. നീണ്ടൊരു ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കളരിക്കൽ ഗോപന്റെ വീടിനോടു ചേർന്ന പുരയിടത്തിലാണ് മഴു കണ്ടെത്തിയത്. കുറുവാസംഘം തമ്പടിച്ചതോ മോഷണശ്രമങ്ങൾക്ക് ശേഷം ഉപേക്ഷിച്ചതോ ആകാമെന്ന സംശയമാണ് ജനങ്ങളിൽ വീണ്ടും ഭീതി നിറച്ചത്.

കഴിഞ്ഞ വ്യാഴഴ്ച രാവിലെയാണ് മഴു കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മഴു പരിശോധനയ്ക്കായി കൊണ്ട് പോയിരുന്നു. എന്നാൽ ഈ മഴു ഓൺലൈനിൽ ലഭിക്കുന്നതാണെന്നു പോലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണസംഘത്തിന്റെ ഭീതി നിലനിൽക്കുന്നത് മുതലെടുക്കുന്ന മറ്റു തസ്കരന്മാരോ മയക്കുമരുന്ന് കഞ്ചാവ് മാഫിയകളോ ഈ സാഹചര്യം മുതലെടുക്കുന്നതാണോ എന്നും സംശയമുയരുന്നുണ്ട്.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പതിനഞ്ചാം വാർഡിലെ വീട്ടിൽ കതകിൽ തട്ടുകയും വീടിനു പുറത്തു കിടന്നിരുന്ന കസേരകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പതിനഞ്ചാം വാർഡിലെ വീടുകൾക്ക് പിന്നിൽ അതിരംപുഴയിൽ കണ്ടെത്തിയപോലെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ കുറുവ സംഘമെന്ന പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ആസൂത്രിതമെന്ന സംശയത്തിലാണ് ഇപ്പോൾ പോലീസ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംശയാസ്പദമായ സാഹചര്യമുണ്ടായാൽ പോലീസിന്റെ സഹായം തേടാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.