കേരളപ്പിറവി ദിനത്തിൽ അക്ഷരമുറ്റത്തേക്ക് വിദ്യാർഥികൾ, ജില്ലയിലെ സ്‌കൂളുകളിൽ വിപുലമായ ഒരുക്കങ്ങൾ.


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകളിൽ പുതുനിറങ്ങളുടെ പ്രകാശം പരത്തി കേരളപ്പിറവി ദിനത്തിൽ അക്ഷരമുറ്റത്തേക്ക് വിദ്യാർത്ഥികൾ വീണ്ടും എത്തിത്തുടങ്ങുന്നു.

 

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം ആണ് വീണ്ടും സജീവമാകുന്നത്.  ജൂൺ മാസം സ്‌കൂൾ തുറക്കുന്നതും പ്രവേശനോത്സവം നടത്തുന്നതുമെല്ലാം കുട്ടികളിൽ ഉണർത്തിയിരുന്ന അതെ ആവേശമാണ് ഇന്ന് സ്‌കൂൾ തുറക്കുമ്പോഴും കുട്ടികൾക്ക്. ജില്ലയിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂളുകളിൽ വിദ്യാർത്ഥികളെ സ്വീകരിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അടഞ്ഞു കിടന്നു കാട് പിടിച്ചു കിടന്ന സ്‌കൂളുകൾ ഇന്ന് വര്ണശബളമാണ്. പുതിയ പെയിന്റിലും പൂന്തോട്ടവും കളിക്കോപ്പുകളുമായി എല്ലാ സ്‌കൂളുകളും വിദ്യാർത്ഥികളെ അറിവിന്റെയും വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്താൻ തയ്യാറായിരിക്കുകയാണ്. ഇത്രയും നാൾ ഓൺലൈൻ ക്ലാസ്സുകളിൽ കണ്ട കൂട്ടുകാരെ അടുത്തു കാണാൻ കഴിയുന്ന സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. വിശേഷങ്ങൾ ഏറെ പറയാറുണ്ടെങ്കിലും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. 

മറക്കരുതേ ഈ കാര്യങ്ങൾ:

*ബയോബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക.

*ഓരോ ബബിളിലുള്ളവർ അതത് ദിവസം മാത്രമേ സ്‌കൂളിൽ എത്താവൂ.

*പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ കോവിഡ് സമ്പർക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളിൽ പോകരുത്.

*മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ഉപയോഗിക്കുക.

*വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

*യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

*ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

*കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കരുത്.

*അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

*ഇടവേളകൾ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകൾ ഒഴിവാക്കണം.

*പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുള്ളതല്ല.

*ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.

*കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

*ടോയ്‌ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

*പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.

*ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുള്ള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.

*രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം.

*രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

*ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

*വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക.

*അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.

*കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

*വീട്ടിലെത്തിയ ഉടൻ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

*മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.