നവംബർ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനു സാധ്യത, തിങ്കളാഴ്ച്ച വരെ കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട്.


കോട്ടയം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ 8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ തിങ്കളാഴ്ച്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ  തെക്ക് കിഴക്കൻ അറബികടലിനും ലക്ഷദ്വീപിനു മുകളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദം വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിൽ നിന്ന് മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  തമിഴ്നാട് - ആന്ധ്രാ പ്രദേശ് തീരത്ത് ചക്രവാതചുഴി ( cyclonic circulation ) രൂപപ്പെട്ടു.ന്യുന മർദ്ദത്തിന്റെയും ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനഫലമായി   അടുത്ത 5 ദിവസം കേരളത്തിൽ  ഇടിമിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. 

എമർജൻസി കിറ്റിൽ ഉൾപെടുത്തേണ്ട സാധനങ്ങൾ:

1. ഒരുദിവസത്തേയ്ക്ക് ഒരാൾക്കു ചുരുങ്ങിയത് ഒരുലിറ്റർ കുടിവെള്ളം.

2. പെട്ടെന്ന് കേടു വരാത്ത ലഘു ഭക്ഷണ പദാർത്ഥങ്ങൾ

3. ഫസ്റ്റ് എയ്ഡ് കിറ്റ്

4.ആധാരം, ലൈസൻസ്,സർട്ടിഫിക്കറ്റുകൾ മുതലായ പ്രധാന രേഖകൾ

5. റേഡിയോയും ബാറ്ററിയും 

6. ടൂത്പേസ്റ്റ്, ടൂത് ബ്രഷ്, സാനിറ്ററിപാഡ് മുതലായ വ്യക്തി ശുചിത്വത്തിനു ആവശ്യമായ വസ്തുക്കൾ

7. വസ്ത്രങ്ങൾ

8. ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങൾ

9. ടോർച്, ബാറ്ററി, മെഴുകുതിരി, തീപ്പെട്ടി എന്നിവ

10. വിസിൽ

11. അവശ്യ ഉപയോഗത്തിനായി കത്തി അല്ലെങ്കിൽ ബ്ലേഡ് 

12. മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക്

13. സാനിറ്റൈസരും സോപ്പും

14. മാസ്ക്