തകർന്നു തരിപ്പണമായി റെയിൽവേ സ്റ്റേഷൻ-റബ്ബർബോർഡ് റോഡ്, രാത്രിയിൽ വെളിച്ചവുമില്ല, ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രികർക്കും അപകടക്കെണിയൊരുക്കി റോഡ്.


കോട്ടയം: ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രികർക്കും അപകടക്കെണിയൊരുക്കി റെയിൽവേ സ്റ്റേഷൻ-റബ്ബർബോർഡ് റോഡ്. റോഡ് തകർന്നു തരിപ്പണമായി കുഴികളാൽ നിറഞ്ഞിരിക്കുകയാണ്.

 

 മാസങ്ങളായി റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ദിവസേന നിരവധി വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഇരുചക്ര വാഹനയാത്രികർ അപകടം മുന്നിൽക്കണ്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴ ശക്തമാകുന്നതോടെ കുഴികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു അപകടഭീഷണി ഉയരുകയാണ്.

റോഡിൽ തെരുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ സന്ധ്യയാകുന്നതോടെ റോഡ് ഇരുട്ടിലേക്ക് മറയും. റോഡിന്റെ ഭാഗങ്ങളിൽ ഇരുവശവും കാട് മൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളെയും പേടിച്ചാണ് വെളിച്ചമില്ലാത്ത റോഡിലൂടെ കാൽനട യാത്രികർ കടന്നു പോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും നടപടികൾ ഒന്നും ആയിട്ടില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നതിന് കൂടുതൽ തുക ഓട്ടോ ടാക്സി വാഹനങ്ങൾ ഈടാക്കുന്നതായും യാത്രക്കാരുടെ പരാതിയുണ്ട്. അപകടകരമായ നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ കുഴികളിൽ ഒരു ജീവൻ പൊലിയുന്നതിനു മുൻപെങ്കിലും അധികാരികളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Photo: Ancy