കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15 ന്, അപ്രതീക്ഷിത നീക്കങ്ങൾക്ക് സാധ്യത തള്ളിക്കളയാതെ മുന്നണികൾ.


കോട്ടയം: അനശ്ചിതത്വങ്ങൾക്കൊടുവിൽ കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15 ന് നടത്താൻ വിജ്ഞാപനമിറങ്ങി. നവംബർ 15 ന് രാവിലെ 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫ് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. തെരഞ്ഞെടുപ്പ് വിജപാനമിറങ്ങിയതോടെ ഒരു മാസം നീണ്ടു നിന്ന അനശ്ചിതത്വങ്ങൾക്ക് വിരാമമായി.

52 അംഗ നഗരസഭയിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. ബിജെപി ക്ക് 8 അംഗങ്ങളുമുണ്ട്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ 29 വോട്ടുകളുടെ പിന്തുണയോടെയാണ് പാസായതും യുഡിഎഫിന് ഭരണം നഷ്ടമായതും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു.

നവംബർ 15 ന് നടക്കുന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ 3 മുന്നണി സ്ഥാനാർത്ഥികളും മത്സരിക്കും. ഇതോടെ വീണ്ടും നറുക്കെടുപ്പിനു സാധ്യത തെളിയുന്നുണ്ട്. അതേസമയം പിന്തുണയും പ്രസക്ത വിഷമായി മാറിയിരിക്കുകയാണ്. എന്നാൽ അപ്രതീക്ഷിത നീക്കങ്ങൾക്ക് സാധ്യത തള്ളിക്കളയാതെയാണ് മുന്നണികൾ പ്രതികരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ബിൻസി സെബാസ്റ്റ്യൻ തന്നെ മത്സരിക്കാനാണ് സാധ്യത. 5 വർഷം ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ബിൻസി യുഡിഎഫിനൊപ്പം നിന്നത്. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതോടെ ബിൻസി സെബാസ്റ്റ്യൻ കോട്ടയം നഗരസഭാ അധ്യക്ഷയാകുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷീജ അനിലും ബിജെപി സ്ഥാനാർത്ഥിയായി റീബാ വർക്കിയുമായിരിക്കും മത്സരരംഗത്തുണ്ടാകുക.