മുടങ്ങിക്കിടന്ന വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് കേരളപ്പിറവി ദിനത്തിൽ ആരംഭിക്കും.


വൈക്കം: മുടങ്ങിക്കിടന്ന വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് കേരളപ്പിറവി ദിനത്തിൽ ആരംഭിക്കും. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെയാണ് ജങ്കാർ സർവ്വീസ് നിലച്ചത്. മെയ് മാസത്തോടെയായിരുന്നു വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് നിർത്തി വെച്ചത്.

 

 വൈക്കം-തവണക്കടവ് ജലപാതയിലൂടെ ദിവസേന നിരവധിപ്പേരാണ് വൈക്കത്തേക്കും തിരികെ ആലപ്പുഴ ചേന്നംപള്ളിപ്പുറത്തേക്കുമായി പോകുന്നത്. ജലഗതാഗത വകുപ്പിന് ഏറ്റവുമധികം ലാഭം നല്കിയിരുന്നതും ഈ മേഖലയിലെ സർവ്വീസ് ആയിരുന്നു. സോളാർ ബോട്ടും ഡീസൽ ബോട്ടുമുൾപ്പടെ 4 ബോട്ടുകളാണ് വൈക്കം-തവണക്കടവ് ജലപാതയിൽ സർവ്വീസ് നടത്തിയിരുന്നത്. 2 ജില്ലകളിലായാണ് വൈക്കം തവണക്കടവ് ജങ്കാർ സർവ്വീസ് നടത്തുന്നത്. വൈക്കം കോട്ടയം ജില്ലയിലും തവണക്കടവ് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മേഖലയിലുമാണ്. ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ലേല തുകയ്ക്കാണ് ജങ്കാർ സർവ്വീസ് എന്ന പ്രത്യേകതയുമുണ്ട്. 12.04 ലക്ഷം രൂപയ്ക്കാണ് ലേലം നടന്നത്. ലേല തുകയിൽ പകുതി വീതം വൈക്കം നഗരസഭയ്ക്കും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിനുമാണ് ലഭിക്കുന്നത്. 33 സർവ്വീസുകൾ നടത്തും.