ഓഫീസ് പ്രവർത്തനം പൂർണമായി സൗരോർജ്ജ വൈദ്യുതിയിലൂടെ! സൗരോർജ്ജ പ്രഭയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്.


ഏറ്റുമാനൂർ: ഓഫീസ് പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി പൂർണമായും സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ച്, രണ്ട് കിലോവാട്ട് ശേഷിയുള്ള രണ്ട് സൗരോർജ്ജ ഓഫ് ഗ്രിഡ് പാനലിൽ നിന്നാണ് വൈദ്യുതി ഉത്പാദനം.  

 ബ്ലോക്ക് പഞ്ചായത്തിലെ 16 മുറികളിലെ ലൈറ്റുകൾ, ഫാനുകൾ, കമ്പ്യൂട്ടറുകൾ, ഫോട്ടോ കോപ്പിയർ മെഷീനും പ്രിന്ററും ജലലഭ്യതയ്ക്കുള്ള മോട്ടോറും സൗരോർജ്ജ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും. 9.23 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പദ്ധതി പ്രകാരം മാസം പതിനായിരത്തിലധികം രൂപ വൈദ്യുതി ചാർജ്ജിനത്തിൽ ലാഭിക്കാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ പറഞ്ഞു. അനെർട്ടിനായിരുന്നു പ്ലാന്റിന്റെ നിർവഹണ ചുമതല. അഞ്ചു വർഷത്തേക്ക് സൗജന്യമായി അറ്റകുറ്റപണികളും നടത്തും.