കുട്ടികളുടെ സുരക്ഷയാണ് പ്രധാനം അതിൽ വീഴ്ചയരുത്; ജില്ലാ പോലീസ് മേധാവി.


കോട്ടയം: കോവിഡിന്റെ സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷയാണ് പ്രധാനം എന്നും അതിൽ വീഴ്ചയരുത് എന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.

 

 സ്‌കൂളി എത്തുന്ന എല്ലാ വിദ്യാർത്ഥികളും മാസ്ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയിലായിരിക്കണം ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾക്ക് ഇരിപ്പടങ്ങൾ ക്രമീകരിക്കേണ്ടത്. ക്ലാസ് മുറികളിലും സ്‌കൂളിലും സ്‌കൂൾ ബസ്സുകളിലും വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു. സ്‌കൂളുകളിൽ സാനിട്ടയ്‌സർ,തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ എന്നിവ ഉണ്ടെന്നു ഉറപ്പ് വരുത്തണം. കൈകൾ ശുചിയാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ക്ലാസ് മുറികൾക്ക് സമീപം ക്രമീകരിക്കണം. അത്യാവശ്യഘട്ടങ്ങളിൽ സ്‌കൂളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. സ്‌കൂളിൽ കുട്ടികൾ കൂട്ടം കൂടുന്ന സാഹചര്യം യാതൊരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല. അധ്യാപകരും ജീവനക്കാരും സ്‌കൂൾ ബസ്സ് ജീവനക്കാരും 2 ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്‌കൂളും പരിസരങ്ങളും ശുചിമുറികളും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്. സ്‌കൂൾ ബസ്സുകൾക്ക് ഫിറ്റ്നസ്,ഇൻഷുറൻസ് എന്നിവ ഉറപ്പാക്കണം. അതോടൊപ്പം സ്‌കൂൾ ബസ്സ് ഡ്രൈവറും ജീവനക്കാരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരല്ല എന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. സ്വാകാര്യ വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും സ്‌കൂളിലേക്കെത്തുന്ന കുട്ടികളുടെയും വാഹനങ്ങളുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കണം. സ്‌കൂൾ പരിസരങ്ങളിൽ അപകടകരമായ രീതിയിൽ വളർന്നു നിൽക്കുന്ന മരങ്ങൾ എത്രയും പെട്ടെന്നും മുറിച്ചു മാറ്റണമെന്നും സ്‌കൂളിന് മുന്നിൽ നിയന്ത്രണങ്ങൾക്കായി ട്രാഫിക്ക് വാര്ഡന്മാരെ നിയോഗിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സൈബർ സെക്യൂരിറ്റി ക്ലബ്ബ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ് എന്നിവ പോലീസുമായി ചേർന്ന് ഊര്ജിതമാക്കണമെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.