പുന്നത്തുറ ക്ഷീരോത്പാദക സഹകരണ സംഘത്തിന് പുതിയ കെട്ടിടം, നിർമാണം അവസാനഘട്ടത്തിൽ.കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറ ക്ഷീരോത്പാദക സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് സ്ഥലത്ത് എം.പി ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ച് 1000 ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമിക്കുന്നത്.


 

 പാല് സംഭരണത്തിനും കാലിത്തീറ്റ സൂക്ഷിക്കുന്നതിനുമുള്ള രണ്ട് മുറികളും ഓഫീസ് റൂം, സ്റ്റോക്ക് റൂം എന്നിവയും ഒരു ശുചി മുറിയും കാർപോർച്ചും ചേർന്നതാണ് കെട്ടിടം.നഗരസഭ ഒൻപതാം വാർഡിൽ വാടകക്കെട്ടിടത്തിലാണ് നിലവിൽ സംഘം പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി മൂലം

പാൽ അളക്കുന്നതിനും ശേഖരിക്കുന്നതിനുമൊക്കെ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പിന്റെയും കർഷകരുടെയും ഇടപെടലിലൂടെയാണ് പുതിയ കെട്ടിടത്തിനുള്ള സഹായം ലഭ്യമായത്. ഇലക്ട്രിക് – പ്ലംബിങ്ങ് ജോലികൾ കൂടി പൂർത്തീകരിക്കാനുണ്ട്. 20 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച സംഘത്തിൽ പ്രതിദിനം 700 ലിറ്ററിലധികം പാൽ ശേഖരിക്കുന്നുണ്ട്. 150 ക്ഷീരകർഷകരാണ് അംഗങ്ങളായിട്ടുള്ളത്.