പനച്ചിക്കാട് നവരാത്രി ഉത്സവം ഹരിതചട്ടം പാലിച്ച്,ക്ഷേത്ര പരിസരത്ത് ഫ്‌ളക്‌സ് പൂർണമായും നിരോധിച്ചു.


കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഹരിതചട്ടം പാലിച്ചു നടത്താൻ ക്രമീകരണങ്ങളായി. ക്ഷേത്ര പരിസരത്ത് ഫ്‌ളക്‌സ് പൂർണമായും നിരോധിച്ചു. ഹരിത ചട്ടം ഉറപ്പാക്കുന്നതിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും.

 

 ഹരിതകർമ സേനയും കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്‌കൂളിലെ വിദ്യാർഥികളും ഓല, കാർഡ് ബോർഡ് പെട്ടി എന്നിവ കൊണ്ട് തയാറാക്കിയ ജൈവ ബിന്നുകളാണ് മാലിന്യ നിക്ഷേപത്തിന് വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുക. സ്റ്റാളുകളിലും പൊലീസ് കൺട്രോൾ റൂമിലും വ്യാപാര സ്ഥാപനങ്ങളിലും പ്രകൃതി സൗഹൃദ വസ്തുക്കൾകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ എന്നിവ സംയുക്തമായാണ് ഹരിതചട്ടം നടപ്പാക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഹരിതകർമ സേനാംഗങ്ങൾ ഹരിതചട്ടം പാലിക്കുന്നതിൽ ഉള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കാൻ പഞ്ചായത്ത്, ഹരിത കേരള മിഷൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിൽ ബോധവൽക്കരണ നൽകും. പ്രകൃതി സൗഹൃദ സന്ദേശം അടങ്ങിയ ബാനറുകൾ പോസ്റ്ററുകൾ എന്നിവ പഞ്ചായത്ത് നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾക്കും ഡിസ്‌പോസിബിൾ പാത്രങ്ങൾക്കും ഗ്ലാസുകൾക്കും നിരോധനം ഏർപ്പെടുത്തി. ഹരിത കർമ്മ സേനക്കായി പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും രൂപീകരിക്കും. ഏഴു മുതൽ 15 വരെയാണ് നവരാത്രി മഹോത്സവം. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ആനി മാമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്തംഗങ്ങൾ, ഹരിത കേരളം മിഷൻ പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, മറ്റ് ജീവനക്കാർ പങ്കെടുത്തു. 2019 മുതൽ നവരാത്രി മഹോത്സവം ഹരിതചട്ടം പാലിച്ചാണ് നടത്തുന്നത്.