മഴക്കെടുതി: കോട്ടയം ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ നഷ്ടം 40.95 ലക്ഷം.


കോട്ടയം: ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ പ്രകൃതി ക്ഷോഭത്തിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം കൊണ്ട് സംഭവിച്ചത് 40.95 ലക്ഷം രൂപയുടെ നഷ്ടം.

 

 വളർത്തുമൃഗപരിപാലത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർക്ക് കഴിഞ്ഞ 16 മുതൽ 18 വരെയുള്ള തീയതികളിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി. കൂട്ടിക്കൽ, എരുമേലി, മുണ്ടക്കയം, ഈരാറ്റുപേട്ട, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. തിടനാട്, മീനച്ചിൽ, വെള്ളാവൂർ, ചിറക്കടവ്, മൂന്നിലവ്, തലനാട് എന്നിവിടങ്ങളിലും നഷ്ടമുണ്ടായി. പാറത്തോട് മൃഗാശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും എഴുപതിനായിരം രൂപയുടെ കേടുപാടുകളുണ്ടായതായാണ് കണക്ക്. വെള്ളക്കെട്ടിലും മണ്ണൊലിപ്പിലും 12,667 കോഴി ചത്തു. 10,120 ബ്രോയ്‌ലർ കോഴികളും 220 മുട്ടക്കോഴികളും 2327 കോഴിക്കുഞ്ഞുങ്ങളുമാണ് ചത്തത്. പശു – 3, ആട്- 5, കിടാരി- 3, കാട – 400 , പന്നി- മുയൽ – രണ്ട് എന്ന കണക്കിലും നഷ്ടമുണ്ടായി. ഏഴു കന്നുകാലിത്തൊഴുത്തും രണ്ട് ആട്ടിൽ കൂടും മൂന്ന് ആട്ടിൻ കൂടും ഓരോന്ന് വീതം മുയൽക്കൂട്, പന്നിക്കൂട് എന്നിവയ്ക്ക് പുറമേ ഒരു സെമി ആട്ടോമാറ്റിക് ഇൻകുബേറ്ററും നശിച്ചു. നാശനഷ്ടങ്ങൾ സംബന്ധിച്ച് തയാറാക്കിയ റിപ്പോർട്ട് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ മുഖേന സർക്കാരിന് സമർപ്പിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഒ.ടി. തങ്കച്ചൻ അറിയിച്ചു.