കാപ്പുകയം പാടശേഖരത്ത് വിത്തെറിഞ്ഞു; അഞ്ചേക്കർ കൂടി കൃഷിയോഗ്യമായി.


കോട്ടയം: എലിക്കുളം പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്ത് കൃഷിയിറക്കി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. എലിക്കുളത്തിന്റെ ബ്രാൻഡഡ് അരിയായ എലിക്കുളം റൈസാണ് കാപ്പുകയം പാടശേഖരത്ത് ഉത്പാദിപ്പിക്കുന്നത്.

 

 നാൽപ്പത് ഏക്കറിലാണ് ഈ വർഷം കൃഷിയിറക്കുന്നത്. കഴിഞ്ഞവർഷം 35 ഏക്കറിലായിരുന്നു കൃഷി. അഞ്ചേക്കർ തരിശുനിലത്തുകൂടി ഈ വർഷം കൃഷി വ്യാപിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലായാണ് കാപ്പുകയം പാടശേഖരം. 1200 കിലോ ഉമ നെൽവിത്താണ് വിതച്ചത്. വിത്ത് കൃഷി വകുപ്പിൽ നിന്നും സൗജന്യമായി നൽകി. കൂലിച്ചെലവും കുമ്മായത്തിനുള്ള 75 ശതമാനം സബ്സിഡിയും പഞ്ചായത്ത് നൽകി. 22 കർഷകരാണ് കാപ്പുകയം പാടശേഖര സമിതിയിലുള്ളത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. രാധാകൃഷ്ണൻ ,പഞ്ചായത്തംഗം ആശാ റോയി, കൃഷി അസിസ്റ്റന്റ് ആർ. അനൂപ്, കാപ്പുകയം പാടശേഖരസമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു.