ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ 2 ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം:ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 2 ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധൻ,വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്,യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്.