കനത്ത മഴയിൽ എരുമേലി കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിൽ വീണ്ടും വെള്ളം കയറി.


എരുമേലി: വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ആരംഭിച്ച കനത്ത മഴയിൽ എരുമേലി കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിൽ വീണ്ടും വെള്ളം കയറി. ഉച്ചകഴിഞ്ഞു 3 മണിയോടെ ആരംഭിച്ച അതിശക്തമായ മഴയിൽ എരുമേലി തോട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലേക്ക് വെള്ളം കയറുകയായിരുന്നു.

 

 കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറിയതോടെ സമീപ മേഖലകളിലെ വ്യാപാരികൾ ഭീതിയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് അതിശക്തമായ മഴയിൽ വെള്ളം ഇരച്ചു കയറിയതിനെ ഞെട്ടലിൽ നിന്നും എരുമേലിയെ വ്യാപാരികൾ മുക്തരായിട്ടില്ല. ബസ്സ് സ്റ്റാൻഡിൽ വെള്ളം കയറിയെങ്കിലും ഓഫീസ് മുറികളിലോ ഗ്യാരേജ്ജ്ജിലോ വെള്ളം കയറിയില്ല. നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങൾ വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് ബസ്സ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതമായി മാറ്റി. മുൻ വർഷങ്ങളിൽ തോട്ടിൽ ജെസിബി ഇറക്കി ചവറുകൾ നീക്കം ചെയ്യുകയും തോടിനു ആഴം കൂട്ടുകയും ചെയ്തിരുന്നു. ഒറ്റ മഴയ്ക്ക് വീണ്ടും വെള്ളം കയറിയതോടെ കെഎസ്ആർടിസി ജീവനക്കാർ ഭീതിയിലാണ്. രണ്ടാഴ്ച്ച മുൻപുണ്ടായ പ്രളയത്തിൽ ബസ്സ് സ്റ്റാൻഡിൽ വെള്ളം കയറുകയും ബസ്സുകൾ മുങ്ങിപ്പോകുകയും ചെയ്തിരുന്നു.