കോവിഡ്: കോട്ടയം ജില്ലയിൽ 98.23 ശതമാനം പേർ ആദ്യ ഡോസ് വാക്സിനെടുത്തു; ജില്ലാ കളക്ടർ.


കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവരിൽ 98.23 ശതമാനം പേർ ഒന്നാം ഡോസ് കോവിഡ്  വാക്സിൻ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 2011 ജനസംഖ്യ കണക്കെടുപ്പിനെ അടിസ്ഥാനമാക്കി ജില്ലയിൽ 2021 ൽ ജനസംഖ്യ 19,86,776 എന്നാണ് കണക്കാക്കപ്പെടുന്നത്.  

 18 വയസിനു മുകളിൽ 14,84,191 പേർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.  ഇവരിൽ 14,58,000 ലധികം പേർ ഇതുവരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇനിയുള്ള 26191 പേരിൽ ഏകദേശം 20000 പേർ കഴിഞ്ഞ മൂന്നു മാസങ്ങളിൽ കോവിഡ് ബാധിച്ചതുമൂലം ഇപ്പോൾ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്.

വാക്സിൻ സ്വീകരിക്കാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോഴും തിരികെ വരുമ്പോളും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടിവരും. മുതിർന്നവർ വാക്സിനേഷൻ സ്വീകരിക്കാത്ത വീടുകളിൽ നിന്ന് കുട്ടികൾക്ക് പഠനത്തിനായി സ്‌കൂൾ, കോളജ്  ക്ലാസുകളിൽ ഹാജരാകാനും നിയന്ത്രണങ്ങളുണ്ടാകും.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു മേഖലകൾ എല്ലാം നിയന്ത്രണങ്ങളോടെയാണെങ്കിലും തുറക്കാനൊരുങ്ങുന്ന ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്.

രാജ്യത്ത് 91 കോടി ഡോസും സംസ്ഥാനത്ത് 3.6 കോടി ഡോസും  വാക്സിൻ ഇതിനോടകം നൽകിക്കഴിഞ്ഞു. ഭൂരിപക്ഷം ഗുരുതര ആരോഗ്യ പ്രശമുള്ളവരും മുതിർന്നവരും ആദ്യഘട്ടത്തിൽ തന്നെ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. പ്രായമായവരുൾപ്പെടെ തെറ്റിദ്ധാരണ മൂലം വാക്സിൻ സ്വീകരിക്കാൻ മടിച്ച് നിൽക്കുന്നവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും വാക്സിൻ വഴി സുരക്ഷിതത്വം നേടുന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും നല്ല വഴിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.