സ്‌കൂൾ തുറക്കൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണം; എം.വി.ഗോവിന്ദൻ മാസ്റ്റർ.


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നവംമ്പർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

 

 സ്‌കൂൾതലത്തിൽ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങൾ സംബന്ധിച്ച ധാരണ ഉണ്ടാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം. പ്രവേശന കവാടങ്ങൾ, കോമ്പൗണ്ട്, ക്ലാസ്മുറികൾ, ശൗചാലയങ്ങൾ, കുടിവെള്ള സ്രോതസും, പാചകപ്പുരയും, ഭക്ഷണശാലയും, വാഹനങ്ങൾ, സ്‌കൂൾ പരിസരങ്ങൾ എന്നിവിടങ്ങൾ ദൈനംദിനം പരിപാലിക്കേണ്ടത് സംബന്ധിച്ച് ധാരണയുണ്ടാക്കണം.

ശുചിത്വ പരിപാലനത്തിനും അണുനശീകരണത്തിനും കൃത്യമായ മോണിറ്ററിംഗ് സംവിധാനവും പ്രവർത്തന ഏകോപനവും നടക്കുന്നുവെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പായി എല്ലാ അധ്യാപക- അനധ്യാപക ജീവനക്കാർ, സ്‌കൂൾ ബസ് ജീവനക്കാർ, ഗസ്റ്റ് അധ്യാപകർ, കുട്ടികളുടെ വീട്ടിലെ മറ്റ് അംഗങ്ങൾ എന്നിവർക്ക് രണ്ട് ഡോസ് വാക്സിൻ ലഭ്യമായെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

സ്‌കൂൾ പി ടി എകളും എസ് എം സി എക്സിക്യുട്ടീവ് യോഗങ്ങളും വിളിച്ച് ചേർത്ത് വിശദമായി ചർച്ച നടത്തണം. ജനപ്രതിനിധികൾ നിർബന്ധമായും ഇത്തരം യോഗങ്ങളിൽ പങ്കാളികളാകണം. മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന, വിദ്യാർത്ഥി, അദ്ധ്യാപക സംഘടനകളുടെ യോഗം തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങൾ വിളിച്ചു ചേർക്കണം. കുട്ടികൾക്കുള്ള ഗതാഗത സൗകര്യങ്ങൾ ക്രമീകരിക്കാനും സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇൻഷുറൻസും ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. കൂടാതെ രക്ഷിതാക്കളുടെ വാഹനങ്ങളും സുരക്ഷിത യാത്രയ്ക്ക് തയ്യാറാക്കാവുന്നതാണ്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണം. രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാൽ അവർക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ ആസൂത്രണം ചെയ്യണം. സർക്കാർ നിർദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പാക്കാനും നിരീക്ഷിക്കാനും സ്‌കൂൾ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കമ്മറ്റിയിൽ ഉണ്ടാകുമെന്ന് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരുടെ യോഗം അടിയന്തിരമായി വിളിച്ചുചേർക്കണമെന്നും മാർഗനിർദേശങ്ങൾ ചർച്ച ചെയ്യണമെന്നും മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.